സഖ്യം നിലനിര്‍ത്താന്‍ ഉപാധികളുമായി ശിവസേന
മുംബൈ: ശിവസേനയുമായി സഖ്യം നിലനിര്‍ത്താന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുവെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ വാദം ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തള്ളി. തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന രണ്ട് കാര്യങ്ങള്‍ അംഗീകരിക്കാന്‍ ബി.ജെ.പി തയാറായാല്‍ മാത്രമേ സഖ്യത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ എന്നാണ് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയത്. രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരിക, മഹാരാഷ്ട്രയിലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയവ അംഗീകരിച്ചാല്‍ മാത്രമേ സഖ്യത്തെക്കുറിച്ച് പുനരാലോചിക്കൂ എന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. പഥാര്പൂരില് ശിവസേന സംഘടിപ്പിച്ച ഹിന്ദുമത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് പറഞ്ഞ് നിരപരാധികളായ ഹിന്ദുക്കളെ വഞ്ചിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ജനങ്ങള്‍ വിഡ്ഢികളല്ലെന്ന കാര്യം അവര്‍ മറക്കരുത്. രാമക്ഷേത്രത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണം. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി പരാജയപ്പെടാന്‍ കാരണം അവര്‍ തന്നിഷ്ടപ്രകാരം ഉണ്ടാക്കിയ സഖ്യത്തെ തുടര്‍ന്നാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."