വീണ്ടും സുനാമി സാധ്യത
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 373 ആയി. 1449 പേര്‍ക്ക് പരുക്കേറ്റു. 128 പേരെ കാണാതായി.
സുമാത്രയ്ക്കും ജാവയ്ക്കുമിടയിലുള്ള സുന്‍ഡ കടലിടുക്കിലെ അനോക് ക്രകത്തോവ അഗ്‌നി പര്‍വതമാണ് ശനിയാഴ്ച രാത്രി പൊട്ടിത്തെറിച്ചത്. ജാവ ദ്വീപിന്റെ പടിഞ്ഞാറെ അറ്റത്താണ് സുനാമി കനത്ത നാശം വിതച്ചത്.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ പാന്തഗ്ലാങ്, സെറങ്, ദക്ഷിണ ലാമ്പങ് എന്നീ പ്രവിശ്യകളിലാണ് കൂടുതല്‍ മരണവും നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുടോപോ പര്‍വോ നഗ്രഹോ പറഞ്ഞു. മണ്ണിടിച്ചില്‍, അഗ്നിപര്‍വത സ്‌ഫോടനം തുടങ്ങിയവ മൂലമുള്ള സുനാമി മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ വീണ്ടും സുനാമിത്തിരകള്‍ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്ന് സുടോപോ പര്‍വോ നഗ്രഹോ മുന്നറിയിപ്പ് നല്‍കി. അനോക് ക്രകത്തോവ അഗ്നിപര്‍വതം സജീവമായിരിക്കുകയാണ്. വീണ്ടും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലേക്ക് ജനങ്ങള്‍ പോകരുതെന്നും അകന്നു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുനാമിയെ തുടര്‍ന്ന് 558 വീടുകള്‍, 69 റസ്റ്ററന്‍ഡുകള്‍, 350 ബോട്ടുകള്‍ എന്നിവ തകര്‍ന്നു. ദുരന്ത പ്രദേശങ്ങള്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ സന്ദര്‍ശിച്ചു. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.
അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കാത്തതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ ഭൂചലനത്തിന്റെ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം മാത്രമാണ് രാജ്യത്തിനുള്ളതെന്നും അഗ്‌നിപര്‍വതത്തെ തുടര്‍ന്നുള്ള സുനാമിക്കു മുന്നറിയിപ്പ് സാധ്യമല്ലെന്നും ദുരന്ത നിവാരണ ഏജന്‍സി വക്താവ് വ്യക്തമാക്കി.
സുനാമിക്കു കാരണം കടലില്‍ സ്ഥിതി ചെയ്യുന്ന അനോക് ക്രകത്തോവ അഗ്നിപര്‍വതത്തിന്റെ അന്തര്‍ഭാഗത്തുള്ള മണ്ണിടിച്ചിലാണെന്ന് ഇന്തോനേഷ്യന്‍ സമുദ്രകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അന്തര്‍ഭാഗത്ത് 64 ഹെക്ടര്‍ പ്രദേശത്ത് തകര്‍ച്ചയുണ്ടായെന്ന് സമുദ്ര മന്ത്രാലയം വക്താവ് റഹ്മത്ത് ജമാലുദ്ദീന്‍ പറഞ്ഞു. പാറകള്‍ ജലോപരിതലത്തിലേക്കു മാറിയതോടെ ശക്തമായ തിരയടിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ അഗ്നിപര്‍വതങ്ങളില്‍ 13 ശതമാനവും സ്ഥിതി ചെയ്യുന്നത് ഇന്തോനേഷ്യയിലാണ്. അതിനാല്‍ രാജ്യത്തിന്റെ വികസനത്തില്‍ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ തടസമാവാറുണ്ട്. ഇന്തോനേഷ്യയില്‍ ഈയിടെ നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ എണ്ണൂറിലധികം പേര്‍ മരിച്ചിരുന്നു. ബറോറോ, പെറ്റബോ എന്നീ നഗരങ്ങളിലുണ്ടായ ഭൂചലനത്തില്‍ രണ്ടായിരം പേരാണു മരിച്ചത്. ഒക്ടോബറിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തര സുമാത്രയില്‍ ഇരുപതുപേര്‍ മരിച്ചിരുന്നു. 2004 ഡിസംബര്‍ 24നു ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മാത്രം 1,20,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."