വനിതാ ഹോസ്റ്റലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 35 ലക്ഷം
തിരുവനന്തപുരം: എട്ട് വനിതാ ഹോസ്റ്റലുകളുടെ അറ്റകുറ്റപ്പണികള്‍ക്കും തുടര്‍നടത്തിപ്പിനുമായി 35 ലക്ഷം രൂപയും ആര്‍ത്തവ ശുചിത്വ പരിപാലന പരിശീലന പരിപാടിക്ക് 50 ലക്ഷം രൂപയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് അനുവദിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ക്കാണ് വനിതാ ശിശുവികസന വകുപ്പ് പ്രാധാന്യം നല്‍കുന്നത്. സര്‍ക്കാര്‍ നടത്തിവരുന്ന ഇത്തരം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കൂട്ടാനാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
വനിതാ വികസന കോര്‍പ്പറേഷന്‍ നടത്തിവരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുവേണ്ടിയുള്ള 'ഷീ പാഡ് ' എന്ന പദ്ധതിയുടെ അനുബന്ധ പദ്ധതിയാണ് ആര്‍ത്തവ ശുചിത്വ പരിപാലനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നിലവില്‍ 1200 ഓളം സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍, ഉപയോഗിച്ച നാപ്കിനുകള്‍ കത്തിക്കുന്നതിനാവശ്യമായ ഇന്‍സിനറേറ്ററുകള്‍, നാപ്കിനുകള്‍ സൂക്ഷിക്കുന്നതിനുള്ള അലമാരകള്‍ എന്നിവ വിതരണം ചെയ്യുന്ന ഷീ പാഡ് പദ്ധതി സംസ്ഥാനത്തെ മറ്റ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍.
അതോടൊപ്പം ആര്‍ത്തവത്തെ കുറിച്ചും ആര്‍ത്തവകാല ശുചിത്വ പരിപാലനത്തെ കുറിച്ചും സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി വനിതാ വികസന കോര്‍പ്പറേഷന്‍ രൂപംകൊടുത്ത പദ്ധതിക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 250 സ്‌കൂളുകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ആര്‍ത്തവ ശുചിത്വ അവബോധ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."