ഹജ്ജ് 2017: മലയാളി ഹാജിമാര്‍ നാളെ ജിദ്ദയില്‍ എത്തിത്തുടങ്ങും; 70,000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ പുണ്യ ഭൂമിയില്‍
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന മലയാളി ഹാജിമാരുടെ ആദ്യ സംഘം നാളെ ജിദ്ദയില്‍ എത്തും. ഞായറാഴ്ച രാവിലെ 6.45 നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആദ്യ മലയാളി ഹാജിമാരെയും വഹിച്ചു യാത്ര തുടങ്ങുന്ന വിമാനം സഊദി സമയം 10:15 നാണു ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ ഇറങ്ങുക.
എമിഗ്രേഷന്‍ നടപടികള്‍ക്കു ശേഷം സുരക്ഷാ പരിശോധന കഴിഞ്ഞു പുറത്തിറങ്ങുന്ന മലയാളി ഹാജിമാരെ വിവിധ സംഘടനാ പ്രതിനിധികള്‍ സ്വീകരിക്കും. സഊദി എയര്‍ലൈസന്‍സിന്റെ എയര്‍ബസ് എ300 എന്ന വിമാനത്തില്‍ മുന്നൂറ് ഹാജിമാരാണ് ഉണ്ടാവുക. ഇത്തരത്തില്‍ 300 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന 39 സര്‍വീസുകളാണ് ജിദ്ദയില്‍ എത്തുക.
കൊച്ചിയില്‍ നിന്നെത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ വിവിധ മലയാളി സംഘടനകള്‍ ഒരുങ്ങിക്കഴിഞ്ഞു. മലയാളി സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍ സംഘങ്ങള്‍ ജിദ്ദയില്‍ ഇന്ത്യന്‍ ഹാജിമാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കര്‍മ്മ നിരതരായിട്ടുണ്ടെങ്കിലും സ്വന്തം നാട്ടുകാരായ ഹാജിമാരുടെ സേവനത്തിനായി കൂടുതല്‍ സൗകര്യങ്ങളും ആളുകളെയും ഒരുക്കി ഇവര്‍ തയ്യാറായിക്കഴിഞ്ഞു.
ഇന്ത്യയുടെ വിവിധ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി ഇതിനകം എഴുപത്തിനായിരത്തിനടുത്ത് ഹാജിമാര്‍ ഇതര നഗരികളില്‍ എത്തിക്കഴിഞ്ഞു. നേരത്തെ മദീനയില്‍ എത്തിയ ഹാജിമാരില്‍ ഭൂരിഭാഗവും മക്കയിലേക്ക് തിരിച്ചിട്ടുണ്ട്. ഇരുപത്തിനായിരത്തില്‍ കുറവ് തീത്ഥാടകര്‍ മാത്രമാണ് ഇപ്പോള്‍ മദീനയിലുള്ളത്.
ഇവര്‍ വരും ദിവസങ്ങളില്‍ മക്കയില്‍ എത്തിച്ചേരും. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ മക്കയില്‍ 4016 ഉം മദീനയില്‍ 1500 ഉം മൊബൈല്‍ ക്ലിനിക്കുകളില്‍ മക്കയില്‍ 180 ഉം മദീനയില്‍ 184 ഉം തീര്‍ത്ഥാടകര്‍ ചികിത്സ തേടിയതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. ഹജ് സര്‍വ്വീസ് മുഖേന ഉത്തരേന്ത്യയില്‍ നിന്നെത്തിയ നാലു തീര്‍ത്ഥാടകര്‍ ഇതിനകം മരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."