യുവതികളെ ചികിത്സയ്ക്ക് എത്തിക്കുന്നതിനിടെ ചീമുട്ടയേറ്
ആര്‍പ്പൂക്കര: ശബരിമലയിലേക്കു പോകുന്നതിനിടെ സംഘര്‍ഷത്തില്‍പ്പെട്ട് ദേഹാസ്വാസ്ഥ്യമുണ്ടായ യുവതികളെ ചികിത്സയ്‌ക്കെത്തിക്കുന്നതിനിടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരുടെ ചീമുട്ടയേറ്.
യുവതികളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ നാമജപവുമായി പാഞ്ഞടുത്ത ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ചീമുട്ട എറിയുകയായിരുന്നു. എന്നാല്‍ എറിഞ്ഞ മുട്ടകളിലൊന്ന് സുരക്ഷാ വലയമൊരുക്കിയ പൊലിസ് ഉദ്യോഗസ്ഥന്റെ വസ്ത്രത്തിലും, മറ്റൊരെണ്ണം ആംബുലന്‍സിലും പതിക്കുകയായിരുന്നു.
പെരിന്തല്‍മണ്ണ് അങ്ങാടിപ്പുറം കൃഷ്ണപുരിയില്‍ കൃഷ്ണനുണ്ണിയുടെ ഭാര്യ കനക ദുര്‍ഗ്ഗ (40), കോഴിക്കോട് ഇടക്കുളം നിളയില്‍ ഹരിഹരന്റെ ഭാര്യ ബിന്ദു(40) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
രണ്ടരയോടെ ഇരുവരെയും പൊലിസ് രണ്ട് ആംബുലന്‍സുകളിലായാണ് കൊണ്ടുവന്നത്. അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന നിരീക്ഷണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ഇരുവര്‍ക്കും ഹൃദ്‌രോഗലക്ഷണങ്ങളില്ലെന്നും ശബരിമലയിലുണ്ടായ ബഹളം മൂലം അനുഭവപ്പെട്ട അസ്വസ്ഥതകള്‍ മാത്രമാണെന്നും അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ ഇരുവരെയും ഇന്നലെ രാത്രിയായിട്ടും വിട്ടയച്ചിട്ടില്ല. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരായ മൂന്ന് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും ഗാന്ധിനഗര്‍ പൊലിസ് അറസ്റ്റുചെയ്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."