സുനിയുടെ ഭീഷണി ദിലീപ് അറിയിച്ചിരുന്നുവെന്ന് ബെഹ്റ
കൊച്ചി: പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്നു നടന് ദിലീപ് തന്നെ അറിയിച്ചിരുന്നുവെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതു സംബന്ധിച്ച് ദിലീപ് ഉന്നയിച്ച വാദവും പൊലിസിന്റെ കണ്ടെത്തലും ശരി തന്നെയാണ്. എന്നാല്‍, ഇതില്‍ കൂടുതല്‍ ശരിയേതാണെന്നു കോടതിയാണു കണ്ടെത്തേണ്ടത്. അതിനാല്‍ ദിലീപിന്റെ പരാതി സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചെന്ന് വെളിപ്പെടുത്താനാവില്ലെന്ന് ബെഹ്റ പറഞ്ഞു.
ദിലീപ് എപ്പോഴാണു പരാതി നല്‍കിയത്, അതില്‍ എന്തു നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് ബെഹ്റ പറഞ്ഞു. ജാമ്യാപേക്ഷയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കു കോടതിയില്‍ മറുപടി നല്‍കും. ഇനി കോടതിയാണ് ദിലീപിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ബെഹ്റ പറഞ്ഞു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചിലര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. കൂടാതെ പൊലിസിനെയും മാധ്യമങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും സ്വാധീനിക്കാന്‍ ഇവര്‍ക്കായെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അടുത്ത വെള്ളിയാഴ്ചയാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."