ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങളെ തള്ളി പൊലിസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയിലെ വാദങ്ങളെ തള്ളി പൊലിസ്. വാട്സ്ആപ്പ് സന്ദേശം പരാതിയായി കണക്കാക്കാനാകില്ലെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണു ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിച്ചിരിക്കുന്നതെന്നുമാണ് പൊലിസ് ചൂണ്ടിക്കാട്ടുന്നത്.
അഡ്വ. ബി. രാമന്‍പിള്ള വഴി ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയിലാണ് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിനെ ഫോണില്‍ വിളിച്ച ദിവസം തന്നെ സുനിയുടെ ശബ്ദരേഖ അടക്കം വാട്സ്ആപ്പ് വഴി ഡി.ജി.പിക്കു നല്കിയിരുന്നുവെന്നു പറഞ്ഞിരിക്കുന്നത്. പള്‍സര്‍ സുനിയില്നിന്നു വന്ന ഭീഷണിയെക്കുറിച്ച് പരാതിപ്പെടാന്‍ ദിലീപ് സമയമെടുത്തുവെന്ന കണ്ടെത്തല്‍ കോടതിയില്‍ പൊളിക്കാനാണ് ദിലീപ് ഇക്കാര്യം ഹരജിയില്‍ ഉന്നയിച്ചത്. എന്നാല്‍, കേസില്‍ കുറ്റാരോപിതനായ വ്യക്തിയുടെ വാട്സ്ആപ്പ് സന്ദേശം പരാതിയായി പരിഗണിക്കാനാകില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നാണ് പൊലിസ് സത്യവാങ്മൂലം തയാറാക്കുന്നത്.
ജയിലില്‍നിന്ന് പള്‍സര്‍ സുനി സംവിധായകന് നാദിര്‍ഷയെ ഫോണില്‍ വിളിച്ചത് മാര്‍ച്ച് 28നാണ്. സുപ്രധാനമായൊരു കേസില്‍ തനിക്കെതിരേയുള്ള ഭീഷണിയില്‍ ദിലീപ് പരാതി നല്‍കിയത് ഏപ്രില്‍ 22നാണെന്ന് പൊലിസ് ചൂണ്ടിക്കാട്ടുന്നു.
26 ദിവസത്തെ കാലതാമസമാണ് ദിലീപ് പരാതി നല്‍കാനായി എടുത്തത്. ഈ കാലതാമസം സംശയകരമാണെന്ന നിഗമനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."