സേവന സന്നദ്ധരായി ഖിദ്മ
മലപ്പുറം: സേവന സന്നദ്ധരായ ബാലനിരയെ വാര്‍ത്തെടുത്ത് എസ്.കെ.എസ്.ബി.വി ഖിദ്മ. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം പരിശീലനം ലഭിച്ച അറുനൂറ് പേരെയാണ് എസ്.ബി.വി ഇന്ന് സമൂഹത്തിന് സമര്‍പ്പിക്കുന്നത്. സുന്നി ബാല വേദിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി രൂപീകരിച്ച ഖിദ്മയുടെ ലോഞ്ചിങ് ഇന്ന് സമ്മേളന നഗരിയില്‍ നടക്കും.
'നന്മയുടെ കൂട്ടുകാര്‍' എന്ന പ്രമേയത്തിലാണ് ഖിദ്മ വിങ് രൂപീകരിച്ചത്. വിങ്ങിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്ക് ജില്ലാ തലങ്ങളില്‍ പരിശീലനം നല്‍കി. മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളില്‍നിന്ന് സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്ത അന്‍പതോളം മാതൃകാ യൂനിറ്റുകളില്‍ നിന്നുള്ള 600 പേരാണ് ഖിദ്മ വിങില്‍ അംഗങ്ങളായിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണം, ലഹരി വിരുദ്ധ ബോധവല്‍കരണം, ആതുരസേവനം എന്നീ മേഖലകളില്‍ ഇവര്‍ സേവനം ചെയ്യും. സംസ്ഥാനത്തൊട്ടാകെ സമസ്തയുടെ അംഗീകൃത മദ്രസകളില്‍ വരും വര്‍ഷങ്ങളില്‍ ഖിദ്മയുടെ പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കും. സുന്നി ബാല വേദിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഇന്ന് ഖിദ്മക്കായി പ്രത്യേക ക്യാംപ് ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന ഗ്രാന്‍ഡ് അസംബ്ലിയില്‍വച്ച് ഖിദ്മ ലോഞ്ചിങ് നടത്തും.
ഇന്ന് രാവിലെ 8.30ന് നടക്കുന്ന നാട്ടുനന്മ സെഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. നാസര്‍ഫൈസി കൂടത്തായി, എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എം. ഉമ്മര്‍, പി. ഉബൈദുല്ല സംസാരിക്കും. ഖമറുദ്ദീന്‍ പരപ്പില്‍, അഹമ്മദ് വാഫി കക്കാട് എന്നിവര്‍ വിഷയമവതരിപ്പിക്കും.
തുടര്‍ന്ന് ഉച്ചക്ക് ശേഷം നടക്കുന്ന ഉണര്‍വ് സെഷനില്‍ സാലിം ഫൈസി കൊളത്തൂര്‍, റഷീദ് മാസ്റ്റര്‍ കൊടിയൂറ എന്നിവര്‍ വിഷയമവതരിപ്പിക്കും. വൈകിട്ട് 4.15ന് നടക്കുന്ന വിജയ പീഠം സെഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ അധ്യക്ഷനാവും. തുടര്‍ന്ന് നടക്കുന്ന മുഖാമുഖം സെഷനില്‍ പി.സി ജഅ്ഫര്‍ ഐ.എ.എസ്, അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസ്, മുഹമ്മദലി ശിഹാബ് ഐ.എ.എസ്, പ്രതീഷ് കുമാര്‍ ഐ.പി.എസ്, ശാഹിദ് തിരുവള്ളൂര്‍ ഐ.എ.എസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ഖിദ്മ ഗ്രാന്‍ഡ് അസംബ്ലിയില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി തങ്ങള്‍, സയ്യിദ് അസീല്‍ അലി തങ്ങള്‍, റഷീദ് ഫൈസി വെള്ളായിക്കോട് പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."