പട്ടട എരിയല്‍ ഇവിടെ; വിഡിയോ കോളിലൂടെ അന്ത്യചുംബനം
പയ്യാമ്പലം പൊതുശ്മശാനത്തില്‍ മൃതദേഹം ചിതയിലേക്കു വയ്ക്കുന്നതും പിന്നെ വെള്ളത്തുണികൊണ്ട് മുഖം മറയ്ക്കുന്നതും വീണ്ടും വിറകുകൊള്ളികള്‍ അടുക്കുന്നതും ആ പൊലിസുകാരന്‍ തന്റെ ഫോണിലെ വിഡിയോ കോളിലൂടെ അവര്‍ക്കു കാട്ടികൊടുത്തു. ചിത അഗ്നിനാളങ്ങള്‍ വിഴുങ്ങുന്നതുവരെ വിഡിയോ ദൃശ്യങ്ങള്‍ ഒഴുകികൊണ്ടിരുന്നു. 3600 കിലോമീറ്റര്‍ അകലെ ഒഡിഷയിലെ ഒരു ഗ്രാമത്തില്‍ ആ ദൃശ്യങ്ങള്‍ ദുഃഖമടക്കിപിടിച്ച് കുറച്ചുപേര്‍ കാണുന്നുണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവന്റെ ശരീരം അവസാനത്തെ അഗ്നിനാളവും വിഴുങ്ങുന്നതു വരെ. വിഡിയോ ദൃശ്യത്തില്‍ ഇരുള്‍ മൂടുമ്പോള്‍ പിന്നെ കൂട്ടക്കരച്ചില്‍. ഇത് നമ്മള്‍ കാണാതെ പോകുന്ന ഒരു പതിവു കാഴ്ചയാണ്.
ഇതര സംസ്ഥാന തൊഴിലാളികളുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പലപ്പോഴായി സാക്ഷ്യം വഹിക്കേണ്ടി വന്ന മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറാണ് സുജിത്ത്. മിക്ക മരണങ്ങളും അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും. ഇവിടുത്തെ പൊലിസ് നടപടികളൊക്കെ പൂര്‍ത്തിയാക്കിയിട്ടേ മൃതദേഹം വിട്ടുകൊടുക്കാനാകൂ. പൊലിസ് സര്‍ജന്‍ തന്നെ പോസ്റ്റ് മോര്‍ട്ടം ചെയ്യണം. മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തി വ്യക്തത വരുത്തണം.
ബന്ധുക്കളോ ഉറ്റവരോ ഒന്നും ഉണ്ടാകാത്തതിനാല്‍ മൃതദേഹം പൂര്‍ണമായും പലപ്പോഴും പൊലിസിന്റെ കസ്റ്റഡിയിലായിരിക്കും. ബന്ധുക്കള്‍ എത്തുന്നതു വരെ മോര്‍ച്ചറിയില്‍ ഫ്രീസറില്‍ സൂക്ഷിക്കാനുള്ള പണം സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കേണ്ടി വരും.
ഇതിന് പ്രത്യേകമായ ഒരു ഫണ്ടും ഇല്ല. ഏതെങ്കിലും അംഗീകൃത കമ്പനിയിലെ തൊഴിലാളിയാണെങ്കില്‍ അവരെക്കൊണ്ട് വഹിപ്പിക്കും. ബന്ധുക്കള്‍ എത്തിയാല്‍ ചെലവായ തുക വാങ്ങാമെന്നു കരുതിയാകും ആശുപത്രിചെലവൊക്കെ എടുക്കുക. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞെത്തുന്ന പല ബന്ധുക്കളുടെ അവസ്ഥ തിരിച്ചുപോകാന്‍ ട്രെയിന്‍ യാത്രാക്കൂലി പോലും ഇല്ലെന്നായിരിക്കുമെന്ന് സുജിത്ത് പറഞ്ഞു. മൃതദേഹം സംസ്‌കരിക്കുന്നത് ഫോണിലൂടെ അങ്ങകലെയുള്ള ബന്ധുക്കള്‍ക്കു കാട്ടികൊടുക്കുമ്പോള്‍, പ്രിയപ്പെട്ടവന്റെ മുഖം അവസാനമായി കാണുമ്പോള്‍ ആ കണ്ണുകളില്‍ ദുഃഖത്തിനിടയിലുള്ള സന്തോഷത്തിന്റെ ന നവു കാണുമ്പോള്‍ ജോലിയുടെ ഭാഗമായി ഇത്ര ദിവസം പേറേണ്ടി വന്ന കഷ്ടപ്പാട് മാഞ്ഞുപോകുമെന്നും ആ പൊലിസുകാരന്‍ പറഞ്ഞു.
ഒരു ഇതര സംസ്ഥാന തൊഴിലാളി മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം ചെയ്തുതരാമെന്ന വാഗ്ദാനവുമായി എത്തുന്ന ചിലരുമുണ്ട്്. നിരക്ഷരരായ ഇവരില്‍ നിന്ന് വന്‍ തുക ആംബുലന്‍സ് വാടക ഇനത്തില്‍ തട്ടിയെടുക്കുകയാണ് ഇത്തരം ഇടത്തരക്കാരുടെ ലക്ഷ്യം. ചിലപ്പോള്‍ ഇവര്‍ പൊലിസുകാരെയും സ്വാധീനിക്കാന്‍ ശ്രമിക്കും. ഒരു വീതം വാഗ്ദാനം ചെയ്തുകൊണ്ടായിരിക്കും നീക്കം. ദിവസവും മരണമടയുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടുന്നതിനാല്‍ ഇതിന്റെ മറവില്‍ ലാഭമുണ്ടാക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എന്നാല്‍ എല്ലാവരെയും ഈ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. ഇതാണ് തിരുവനന്തപുരത്തു നിന്നുള്ള ഈ സംഭവം വ്യക്തമാക്കുന്നത്.
അഞ്ചു വര്‍ഷമായി തലസ്ഥാനത്ത് ജോലി ചെയ്തിരുന്ന അസം സ്വദേശി സാക്കീര്‍ ഹുസൈന്റെ മൃതദേഹവുമായി ഒരു ആംബലന്‍സ് 4000 കിലോമീറ്റര്‍ അകലേക്ക് സാഹസികമായി യാത്ര തിരിച്ച കഥ.
പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് മൂന്നു ദിവസം കൊണ്ടാണ് ആംബുലന്‍സ് അസമിലെത്തിയത്. താന്‍ മരണമടഞ്ഞാല്‍ മൃതദേഹം സ്വന്തം നാട്ടില്‍ തന്നെ സംസ്‌കരിക്കണമെന്ന സാക്കിര്‍ ഹുസൈന്റെ ആഗ്രഹമായിരുന്നു ഈ യാത്രയ്ക്കു പിന്നില്‍. പനി ബാധിച്ച് സാക്കിര്‍ ഹുസൈന്‍ മരിച്ചപ്പോള്‍ തന്നെ സുഹൃത്തുക്കള്‍ ബന്ധുക്കളെ വിവിരമറിയിച്ചു. എന്നാല്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന ബന്ധുക്കള്‍ കേരളത്തിലേക്കു വരാന്‍ പോലും പണമില്ലാത്തതിനാല്‍ മൃതദേഹം ഇവിടെത്തന്നെ സംസ്‌കരിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സാക്കിറിന്റെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചപ്പോഴാണ് സാഹസികമായ ആ ആംബുലന്‍സ് യാത്രയ്ക്കു വഴിയൊരുങ്ങിയത്.
സാക്കിറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുകയ്ക്കായി കഴിയുന്ന സഹായം ചെയ്യണമെന്ന് വാട്‌സ് ആപ്പിലൂടെയും മറ്റും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. ചെറിയ സഹായങ്ങള്‍ ഒന്നിച്ചപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപയായി. അധികമല്ലാത്ത വാടകക്ക് ആസാമിലേക്ക് മൃതദേഹവുമായി പോകാന്‍ ഡ്രൈവര്‍ കണിയാപുരം സ്വദേശി മൂഫാസിലും സഹായിയായി വര്‍ക്കല സ്വദേശി ഷിബിലും തയാറായി. തിരുവനന്തപുരത്തെ അഭയകേന്ദ്രത്തിന്റേതായിരുന്നു ആംബുലന്‍സ്. ഉറങ്ങാതെയും ഉണ്ണാതെയും കാത്തിരുന്ന ബന്ധുക്കള്‍ക്കിടയിലേക്ക് മഞ്ഞു മൂടിയ അപരിചിത വഴികള്‍ താണ്ടി മൂന്നാം നാളാണ് ആംബുലന്‍സ് ചെന്നെത്തിയത്. അസമിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ പൊലിസും പട്ടാളവും ആംബുലന്‍സിന് അകമ്പടി വന്നു. വഴിയെന്നു പോലും പറയാന്‍ കഴിയാത്ത ഇടങ്ങളിലൂടെ മൂന്നു ദിവസത്തെ തുടര്‍ച്ചയായ യാത്രയ്‌ക്കൊടുവില്‍ ആംബുലന്‍സ് എത്തുമ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സാക്കിറിന്റെ ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും വാതില്‍പടിയില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഇത് സാധ്യമായതിനു പിന്നില്‍ ഒരു കൂട്ടായ്മയുണ്ടായിരുന്നു. എന്നാല്‍ എല്ലാവരുടെയും കാര്യത്തില്‍ ഇങ്ങനെ സംഭവിക്കണമെന്നില്ല.
അംഗീകൃത കമ്പനികളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ അവരെകൊണ്ടു തന്നെ ഏര്‍പ്പാട് ചെയ്യിപ്പിക്കുകയാണ് പൊലിസും തൊഴില്‍ വകുപ്പും. എന്നാല്‍ ദിവസക്കൂലിക്ക് പലയിടത്തായി പണി ചെയ്തു കഴിയുന്നവര്‍ക്ക് കൃത്യമായ ഒരു തൊഴിലുടമയുണ്ടാവില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവാസ് പദ്ധതിയില്‍ അംഗമായാല്‍ രണ്ടു ലക്ഷം രൂപ മരണാനന്തര പരിരക്ഷയുണ്ടെങ്കിലും ഇനിയും ഏറെ പേര്‍ ഈ പദ്ധതിയില്‍ അംഗമാവാനുണ്ട്. ഇവരെ രജിസ്‌ട്രേഷനു കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിനു പിടികൊടുക്കാന്‍ ഇവര്‍ പലപ്പോഴും തയാറാവില്ല. എന്നാല്‍ കൂടി വരുന്ന കുടിയേറ്റം കേരളത്തിന്റെ സാമൂഹിക പ്രശ്‌നത്തില്‍ ഒന്നായി മാറുകയും ചെയ്യുന്നു.
തൊഴില്‍ കുടിയേറ്റത്തിനും കുടിയിറക്കത്തിനും പാകമായ കേരളത്തിന്റെ മണ്ണിലേക്കാണ് പുതുജീവിതം സ്വപ്നം കണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തുന്നത്. തൊഴില്‍തേടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ കേരളം ഇരുകൈയും നീട്ടി സ്വീകരിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ആദ്യം. അന്നു തൊഴില്‍ മേഖല ഇത്ര വിപുലമല്ലാത്തതിനാല്‍ വിറകുവെട്ടലും പാതയോരത്തെ കേബിള്‍ കുഴിയെടുക്കലും ഹോട്ടല്‍ ജോലിയുമായിരുന്നു പ്രധാനം. എങ്കിലും തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര്‍ കുടുംബമായി തന്നെ ഇവിടെയെത്തി.
കേരളത്തിനും സ്വന്തമായി ഒരു തൊഴില്‍ സേന അന്നുണ്ടായിരുന്നതിനാല്‍ കാര്‍ഷികവൃത്തിയിലെല്ലാം തദ്ദേശീയ തൊഴിലാളികളായിരുന്നു. പിന്നെ നാം കണ്ടത് തദ്ദേശീയര്‍ കാര്‍ഷിക, വ്യവസായിക ജോലിയില്‍ നിന്ന് അകലുന്നതാണ്. ഈ സാഹചര്യം മുതലെടുത്താണ് വീണ്ടും ഇതര സംസ്ഥാനക്കാര്‍ കേരളത്തിലേക്കെത്തിയത്. ദക്ഷിണേന്ത്യയൊക്കെ കടന്ന് ഉത്തരാഖണ്ഡില്‍ നിന്നും ഒഡിഷയില്‍ നിന്നും ബംഗാളില്‍ നിന്നുമെല്ലാമായി ഒഴുക്ക്. ഈ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. ഇതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരള സമൂഹം അല്‍പ്പാല്‍പം ചര്‍ച്ച ചെയ്തു തുടങ്ങിയത്. ആദ്യം ഹോട്ടലുകളിലെ മെനു പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ ഹിന്ദിയില്‍ കൂടി എഴുതിത്തുടങ്ങി പുതിയ ഒരു ബിസിനസ് തന്ത്രങ്ങള്‍ക്കു മലയാളി തുടക്കമിട്ടു. പിന്നെ സ്വകാര്യ ബസുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന റൂട്ടില്‍ മലയാളത്തിനൊപ്പം ഹിന്ദിയില്‍ കൂടി സ്ഥലപ്പേരുകള്‍ എഴുതി പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇതര സംസ്ഥാനക്കാര്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും സജീവമായപ്പോഴും പക്ഷെ ഭരണകൂടം ശ്രദ്ധിച്ചിരുന്നില്ല. ക്രമേണ ചില കേസുകളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പേരു പ്രത്യക്ഷപ്പെട്ടപ്പോഴാണ് പൊലിസും ഭരണകൂടവും ഉണര്‍ന്നത്. അവസാനം ജിഷയുടെ വധത്തില്‍ എത്തിയപ്പോള്‍ ഇടപെടല്‍ ഗൗരവത്തിലായി. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം 'അന്യസംസ്ഥാന തൊഴിലാളി'കളുടെ കുടിയേറ്റമാണ് എന്ന സുഗതകുമാരി ടീച്ചറുടെ പ്രസ്താവന മലയാളിയുടെ പൊതുബോധത്തിന് ചെറിയ പോറലേല്‍പ്പിച്ചു. എങ്കിലും ഈ ഇതരര്‍ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കേണ്ടതാണ്.
(വ്യാഴാഴ്ച എഫ്.ഐ.ആറിലെ ഇതരര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."