വിഷ്ണുമംഗലം ബണ്ടിലെ ചെളി നവീകരിക്കുന്നതിന് ഒരു കോടി അനുവദിച്ചു
നാദാപുരം: വിഷ്ണുമംഗലം ബണ്ടിലെ ചെളിനീക്കം ചെയ്ത് നവീകരിക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി ഒരു കോടി രൂപ അനുവദിച്ചു. ഇന്നലെ പെരുവണ്ണാമൂഴിയില്‍ ജലസേചനമന്ത്രി കെ. കൃഷ്ണന്‍ കുട്ടി വിളിച്ചു ചേര്‍ത്ത നാദാപുരം, കുറ്റ്യാടി, വടകര മണ്ഡലങ്ങളുടെ അവലോകന യോഗത്തില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതിനെ തുടര്‍ണാണ് തുക അനുവദിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് ചെളി നിറഞ്ഞതു കാരണം പുഴ കരകവിഞ്ഞ് ഒഴുകി ഉണ്ടായ നാശനഷ്ടം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. മെയ് 30ന് മുമ്പ് ചെളിനീക്കം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. കായക്കൊടി, നരിപ്പറ്റ, വളയം, വാണിമേല്‍ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശനം പരിഹരിക്കുന്നതിന് 89 കോടി രൂപ ചെലവില്‍ ആരംഭിച്ച കുന്നുമ്മല്‍ അനുബന്ധ കുടിവെള്ള പദ്ധതി 2019 മാര്‍ച്ച് 30ന് മുന്‍പ് കമ്മിഷന്‍ ചെയ്യാനും തീരുമാനമായി. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പദ്ധതി തുടങ്ങിയത്. പ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങിയതിനെ തുടര്‍ന്ന് നിരവധി സബ്മിഷനുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെയും, നിലവിലുള്ള സര്‍ക്കാരിന്റെയും കാലത്ത് എം.എല്‍.എ അവതരിപ്പിച്ചിരുന്നു.
വാണിമേല്‍ പുഴയിലെ നീരൊഴുക്ക് തടഞ്ഞ് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പുഴയില്‍ ചെറുകിടബണ്ടും, റെഗുലേറ്റര്‍ ബണ്ടും നിര്‍മിക്കുന്നതിന്റെ സാധ്യതാ പഠനം നടത്തുന്നതിന് ജനവരി മൂന്നിന് സുപ്രണ്ടിങ്ങ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തും.
യോഗത്തില്‍ എം.എല്‍.എമാരായ ഇ.കെ വിജയന്‍, സി.കെ നാണു, വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനിയര്‍ ബാബു തോമസ്, ടെക്‌നിക്കല്‍ മെംബര്‍ ടിരവീന്ദ്രന്‍,സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍ എം.കെ.മൊയ്തീന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.വിനോദന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."