ഊര്‍ജ പ്രതിസന്ധി: സംസ്ഥാനം കായംകുളം വൈദ്യുതിയിലേക്ക്
തൊടുപുഴ: അമിതചെലവു കാരണം വേണ്ടെന്നുവച്ച കായംകുളം താപവൈദ്യുതിയിലേക്ക് ഗത്യന്തരമില്ലാതെ വീണ്ടും കേരളം. താല്‍ച്ചര്‍-കോളാര്‍ 400 കെ.വി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുറത്തുനിന്ന് എത്തിക്കുന്ന വൈദ്യുതിയില്‍ 500 മെഗാവാട്ട് കുറവ് വന്നതോടെയാണ് ഇന്നലെ മുതല്‍ കായംകുളം താപവൈദ്യുതി നിലയത്തെ കെ.എസ്.ഇ.ബി ആശ്രയിച്ചു തുടങ്ങിയത്.
കായംകുളം താപവൈദ്യുതിക്ക് യൂനിറ്റിന് 7.25 രൂപയാണു വില. ഇത് ഒരുവിധത്തിലും താങ്ങാന്‍ കഴിയാത്തതിനാല്‍ രണ്ടുവര്‍ഷം മുന്‍പ് കായംകുളം വൈദ്യുതി കെ.എസ്.ഇ.ബി ഉപേക്ഷിച്ചിരുന്നു. 2015 ഒക്ടോബറിലാണ് ഒടുവില്‍ വൈദ്യുതി ബോര്‍ഡ് കായംകുളം വൈദ്യുതി വാങ്ങിയത്. വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കാന്‍ ബ്രഹ്മപുരം, കോഴിക്കോട് ഡീസല്‍ വൈദ്യുതി നിലയങ്ങളും കെ.എസ്.ഇ.ബി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വൈകിട്ട് ഏഴിനും രാത്രി 10.30നുമിടയില്‍ 15 മിനുട്ട് വീതം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.
കൊച്ചി ഉദ്യോഗ്മണ്ഡലിലെ ബി.എസ്.ഇ.എസില്‍നിന്നു കെ.എസ്.ഇ.ബി നേരത്തെ വൈദ്യുതി വാങ്ങിയിരുന്നു. എന്നാല്‍, ഇവര്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതോടെ ബോര്‍ഡ് കരാറില്‍നിന്നു പിന്മാറുകയായിരുന്നു. യൂനിറ്റിന് 8.50 മുതല്‍ 12 രൂപ വരെയാണ് ബി.എസ്.ഇ.എസ് വൈദ്യുതിയുടെ യൂനിറ്റ് വില. വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമായാല്‍ ബി.എസ്.ഇ.എസിനെയും സമീപിക്കാന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതമാകും. യൂനിറ്റിന് 3.90 എന്ന നിരക്കിലാണ് കെ.എസ്.ഇ.ബി ഇപ്പോള്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നത്. ഈ വിലയ്ക്ക് വൈദ്യുതി യഥേഷ്ടം ലഭിക്കാനുണ്ടെങ്കിലും വൈദ്യുതി എത്തിക്കാനുള്ള ഇടനാഴിയുടെ കുറവാണ് ബോര്‍ഡിനെ വലയ്ക്കുന്നത്. 2,000 മെഗാവാട്ട് വൈദ്യുതി എത്തിക്കാന്‍ ശേഷിയുള്ള ഇടനാഴിയിലാണ് ഇപ്പോള്‍ തകരാര്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ 500 മെഗാവാട്ടാണ് കേരളത്തിന്റെ വിഹിതം.
തെക്കുപടിഞ്ഞാറന്‍ മന്‍സൂണ്‍ പകുതിയിലധികം പിന്നിടുമ്പോഴും വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ ശേഷിയുടെ 33 ശതമാനം വെള്ളമാണുള്ളത്. മഴക്കുറവ് ഇക്കൊല്ലം മുന്‍വര്‍ഷത്തെക്കാള്‍ ശക്തമായ ഊര്‍ജപ്രതിസന്ധിക്കിടയാക്കുമെന്നാണു വിലയിരുത്തല്‍. ജലവൈദ്യുതിയുടെ ലഭ്യത കുറഞ്ഞാല്‍ നടപ്പുവര്‍ഷം പുറത്തുനിന്ന് ഉയര്‍ന്ന നിരക്കില്‍ 5,000 ദശലക്ഷം യൂനിറ്റ് വൈദ്യുതി വാങ്ങേണ്ടിവരുമെന്നാണ് ബോര്‍ഡ് കണക്കുകൂട്ടുന്നത്. 3,200 കോടി രൂപയാണ് ഈ ഇനത്തില്‍ അധികബാധ്യത വരുന്നത്. ഇതു മറികടക്കാന്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെടാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി ഉപഭോഗം കര്‍ശനമായി നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ട്.
1,359.511 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് എല്ലാ സംഭരണികളിലുമായി നിലവിലുള്ളത്. ഇതു കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 652.813 ദശലക്ഷം യൂനിറ്റിന്റെ കുറവാണ്. സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം 64.8565 ദശലക്ഷം യൂനിറ്റാണ്. 49.01 ദശലക്ഷം യൂനിറ്റ് കേന്ദ്ര പൂളും 15.844 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പാദനവുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."