സ്‌നേഹദൂതുമായി ക്രിസ്മസ് ആഘോഷം; ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന
തിരുവമ്പാടി: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ശാന്തിയുടേയും എളിമയുടെയും സന്ദേശവുമായി രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബത്‌ലഹേമിലെ കാലിതൊഴുത്തില്‍ ഉണ്ണിയേശു പിറന്നു വീണതിന്റെ ഓര്‍മപുതുക്കിയാണ് ക്രൈസ്തവര്‍ തിരുപ്പിറവി ആഘോഷിക്കുന്നത്.
ഇന്നലെ രാത്രി ദേവാലയങ്ങളില്‍ തിരുപ്പിറവി ആഘോഷവും കുര്‍ബാനകളും നടന്നു. ഇരുപത്തിയഞ്ച് ദിവസത്തെ നോമ്പിന് പരിസമാപ്തി കുറിക്കുന്ന ക്രിസ്മസ് അവിസ്മരണീയമാക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങി. തിരുപ്പിറവി ലോകത്തെ വിളിച്ചറിയിച്ച ആട്ടിടയന്മാരെ അനുസ്മരിച്ച് കരോള്‍ സംഘങ്ങള്‍ ഭവനങ്ങളില്‍ ക്രിസ്മസ് സന്ദേശം എത്തിച്ചു. ഇന്നലെ അര്‍ധ രാത്രി താമരശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന ക്രിസ്മസ് തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പറോപ്പടി സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തില്‍ രാത്രി 9.30ന് ആരംഭിച്ച ക്രിസ്മസ് തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ.ജോസ് വടക്കേടം മുഖ്യകാര്‍മികനായി. മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തില്‍ രാത്രി 10 ന് ആരംഭിച്ച പിറവിതിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ.ആന്റോ ഡയനീഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ന് രാവിലെ 7.30ന് വിശുദ്ധകുര്‍ബാനയും നടക്കും. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ഇന്നലെ രാത്രി 11.45 നും കല്ലായ് സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ രാത്രി 11.30 നും ചമല്‍ സെന്റ് ജോര്‍ജ് ദൈവലയത്തില്‍ രാത്രി 11.30 നും കട്ടിപ്പാറ തിരുകുടുംബ ദൈവാലയത്തില്‍ രാത്രി 11.30 നും ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."