വിറയ്ക്കുന്ന കൈയോടെയാണ് ഈ കുറിപ്പെഴുതുന്നത്
പതിനെട്ടുദിവസത്തെ ഇടവേളയില്‍ മനസ്സില്‍പതിഞ്ഞ രണ്ടു വാര്‍ത്തകളെക്കുറിച്ചാണ് ഈ കുറിപ്പ്. ഉള്ളുതുറന്നു പറയട്ടെ, കണ്ണീരോടെയാണ്, നിരുദ്ധകണ്ഠനായാണ് ആ രണ്ടുവാര്‍ത്തകളും വായിച്ചത്.
പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച വൃദ്ധരായ മാതാപിതാക്കളെ ഒരു ദിവസംപോലും പിരിഞ്ഞിരിക്കാനാവാതെ 1288 കിലോമീറ്റര്‍ ദൂരം നിത്യേന യാത്രചെയ്യുന്ന കര്‍ട്ട് വോണ്‍ ബാഡിന്‍സ്‌കി എന്ന മകനെക്കുറിച്ചുള്ളതായിരുന്നു ആദ്യവാര്‍ത്ത. ആ വാര്‍ത്ത വായിച്ചപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞത് അത്രയും സ്‌നേഹനിധിയായ മകനാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന അസൂയയും കുറ്റബോധവും മൂലം തന്നെയാകണം.
രണ്ടാമത്തെ വാര്‍ത്തയും മറ്റൊരു മകനെക്കുറിച്ചുള്ളതാണ്. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം വിദേശത്തുനിന്നു നാട്ടിലെത്തിയപ്പോള്‍ ഫ്‌ളാറ്റിനുള്ളില്‍ എന്നോ ജീവന്‍ നഷ്ടപ്പെട്ട്, ശരീരം അഴുകിത്തീര്‍ന്ന് അസ്ഥിപഞ്ജരം മാത്രം ശേഷിക്കുന്ന അവസ്ഥയില്‍ പെറ്റമ്മയെ കാണേണ്ടിവന്ന റിതുരാജ് സഹാനിയെന്ന മകനെക്കുറിച്ച്.
ആ വാര്‍ത്ത വായിച്ചപ്പോഴും അറിയാതെ കണ്ണുനിറഞ്ഞു. അത് ആ മകന്റെ സങ്കടമോര്‍ത്തായിരുന്നില്ല. നൊന്തുപെറ്റ മകന്‍ കൈയൊഴിഞ്ഞതോര്‍ത്ത് ഉരുകിത്തീര്‍ന്ന അമ്മയുടെ ദുര്‍ഗതിയോര്‍ത്തായിരുന്നു, അതേ അവസ്ഥയില്‍ നമ്മുടെ നാട്ടിലും നമ്മുടെ രാജ്യത്തും ലോകത്തു പലയിടത്തും ജീവിക്കാന്‍ വിധിക്കപ്പെട്ട അനേകായിരം അമ്മമാരെക്കുറിച്ചോര്‍ത്തായിരുന്നു.
അപ്പോഴും ഇതിനെക്കുറിച്ച് എഴുതണമെന്ന തോന്നല്‍ മനസ്സിലെത്തിയിരുന്നില്ല. അക്കാര്യം ഓര്‍മിപ്പിച്ചതും നിര്‍ബന്ധിച്ചതും പ്രിയസുഹൃത്തായ ഒ.പി അഷ്‌റഫ് ആയിരുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം മകന്‍ നാട്ടിലെത്തിയപ്പോള്‍ അമ്മ അസ്ഥികൂടം മാത്രമായ അവസ്ഥയിലെത്തിയ വാര്‍ത്ത അഷ്‌റഫ് വാട്‌സ് ആപ്പില്‍ അയച്ചുതന്നു. മാതാപിതാക്കളോടുള്ള സ്‌നേഹത്തിന്റെ അഗാധത തെളിയിച്ച ബാഡിന്‍സ്‌കിയെന്ന മകനെക്കുറിച്ചുള്ള വാര്‍ത്ത ഓര്‍മിപ്പിച്ചു.
എന്നിട്ട് അദ്ദേഹം പറഞ്ഞു, 'ഇതൊക്കെ എഴുതേണ്ടതാണ്. രണ്ടു മക്കള്‍ തമ്മിലുള്ള അന്തരം ഈ ലോകത്തു ജീവിച്ചിരിപ്പുള്ള സകല മക്കളും തിരിച്ചറിയേണ്ടതാണ്.'
പ്രിയപ്പെട്ട അഷ്‌റഫ് അത്തരമൊരു ഓര്‍മപ്പെടുത്തലിനു നന്ദി.
കര്‍ട്ട് വോണ്‍ ബാഡിന്‍സ്‌കിയും റിതുരാജ് സഹാനിയും തമ്മില്‍ സാമ്യമേറെയുണ്ട്. രണ്ടുപേരും ഐ.ടി വിദഗ്ധരാണ്. രണ്ടുപേരും അമേരിക്കയില്‍. രണ്ടുപേര്‍ക്കും കൈനിറയെ കാശ്. രണ്ടുപേരുടെയും പ്രായം 42.
ബാഡിന്‍സ്‌കി സമ്പത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നു പറയാം. മെക്കിയോ ഇന്‍കോര്‍പ്പറേറ്റഡ് എന്ന ഐ.ടി. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. സ്വന്തം വീട്ടില്‍നിന്ന് ഏറെ അകലെയുള്ള സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്ഥാപനത്തിലേയ്ക്കും തിരിച്ചും നിത്യേന പ്രത്യേകമായ ചെറുവിമാനത്തില്‍ യാത്രചെയ്യുന്നതിനായി അദ്ദേഹം വര്‍ഷത്തില്‍ ചെലവഴിക്കുന്നത് ഇന്ത്യന്‍ കണക്കില്‍ പറഞ്ഞാല്‍ 1,47,85,339 രൂപയാണ്.
ഈ തുകയുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കായി എത്രയോ പരിചാരകരെ നിയോഗിക്കാമായിരുന്നു. അതല്ലെങ്കില്‍ മാതാപിതാക്കള്‍ക്കു പ്രിയങ്കരമായ ആ സ്ഥലത്തുനിന്ന് അവരെ തന്റെ സൗകര്യം നോക്കി ജോലിസ്ഥലത്തിനടുത്തു കൊണ്ടുപോയി താമസിപ്പിക്കാമായിരുന്നു. എന്നാല്‍, ആ പ്രായത്തില്‍ രോഗാവസ്ഥയില്‍ അവരുടെ മനസ്സിനെ ഒരു തരത്തിലും നോവിക്കാന്‍ ആ മകന്‍ തയാറല്ലായിരുന്നു.
ബാഡിന്‍സ്‌കി കാലത്ത് അഞ്ചുമണിക്ക് എഴുന്നേല്‍ക്കും. വീട്ടില്‍നിന്നു കാറില്‍ വിമാനത്താവളത്തിലേയ്ക്ക്. അവിടെനിന്ന് ഓകാലാന്റിലേയ്ക്ക് ഒരു മണിക്കൂര്‍ വിമാനയാത്ര. വീണ്ടും കാറില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേയ്ക്ക്. 8.30 മുതല്‍ വൈകിട്ട് അഞ്ചുമണിവരെ ജോലിത്തിരക്കില്‍. തിരിച്ചു വീട്ടിലെത്തുന്നതു രാത്രി 9ന്. ആ മകന്‍ എത്ര കഷ്ടപ്പെടുന്നു എന്നായിരിക്കാം നമ്മുടെ മനസ്സില്‍. ബാഡിന്‍സ്‌കി അനുഭവിക്കുന്ന ആത്മനിര്‍വൃതിയുടെ ആഴം സ്വാര്‍ത്ഥമോഹികളായ നമുക്ക് ഊഹിക്കാനാവില്ലല്ലോ.
മാതാപിതാക്കളെ മുംബൈയിലെ ബഹുനില ആഡംബര ഫ്‌ളാറ്റില്‍ പാര്‍പ്പിച്ചാണ് 20 വര്‍ഷംമുമ്പ് റിതുരാജ് സഹാനി ഭാര്യയോടൊപ്പം അമേരിക്കയിലേയ്ക്കു പോയത്. വര്‍ഷത്തിലൊരിക്കലോ മറ്റോ നാട്ടിലെത്തും. നാലുവര്‍ഷം മുമ്പു അമ്മയ്ക്കു തുണയായി അച്ഛനുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം ആ മാതാവു തനിച്ചായി. പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത ജീവിതം.
ഒരു വര്‍ഷം കഴിഞ്ഞു നാട്ടിലെത്തിയ മകന്‍ വാതിലില്‍തട്ടി വിളിച്ചിട്ടും തുറക്കാതായപ്പോഴാണ് പൂട്ടുതകര്‍ത്ത് അകത്തുകയറിയത്. അപ്പോള്‍ വാതിലിന് അഭിമുഖമായ കസേരയില്‍ ഇരിക്കുന്ന അവസ്ഥയിലായിരുന്നു ആശാ സാഹ്‌നി എന്ന ആ അമ്മയുടെ അസ്ഥികൂടം. മകന്‍ ഏതു നേരത്തും എത്തിയേക്കാമെന്ന പ്രതീക്ഷയില്‍ ഇരുന്നതായിരിക്കാം ആ മാതാവ്. ആരോരും തുണയില്ലാതെ, ഭക്ഷിക്കാനൊന്നുമില്ലാതെ. ദിവസങ്ങളും ആഴ്ചകളും തള്ളിനീക്കുന്നതിനിടയില്‍ ആ മാതാവിന്റെ മനസ്സിലൂടെ എന്തെല്ലാം ചിന്തകള്‍ കടന്നുപോയിരിക്കണം. മകനില്‍നിന്നുണ്ടായ തിക്താനുഭവമോര്‍ത്ത് ആ കണ്ണുകളില്‍നിന്നു ധാരധാരയായി നീരൊഴുകിയിട്ടുണ്ടാകില്ലേ.
ജോലിത്തിരക്കുകൊണ്ടാണ് അമ്മയെ കാണാന്‍ എത്താതിരുന്നതെന്നാണ് ആ മകന്‍ ചോദിച്ചവരോടെല്ലാം മറുപടി പറഞ്ഞതെന്നാണു വാര്‍ത്ത. അമ്മയെ ഫോണില്‍ അവസാനമായി വിളിച്ചത് എന്നായിരുന്നുവെന്ന ചോദ്യത്തിന് ഇതായിരുന്നു ഉത്തരം. '2016 ഏപ്രിലില്‍.'
പ്രിയപ്പെട്ടവരേ വയ്യ, ഇനി വിവരിക്കാന്‍ വയ്യ.
ഈ കുറിപ്പെഴുതുമ്പോള്‍ തൊണ്ടയില്‍ എന്തോ തടയുന്നതായി അനുഭവപ്പെടുന്നു.
കര്‍ട്ട് വോണ്‍ ബാഡിന്‍സ്‌കീ... അങ്ങയെപ്പോലെ മാതാപിതാക്കളോട് അസൂയാവഹമായ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിഞ്ഞ മകനാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദന ഉള്ളിലുണ്ട്.
അതേസമയം, മനസ്സ് തീര്‍ച്ചയായും ആശ്വാസം കൊള്ളുന്നു, റിതു രാജിനെപ്പോലൊ കണ്ണില്‍ ചോരയില്ലാത്ത മകനായില്ലല്ലോ,
ഈ കുറിപ്പ് മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന എല്ലാ മക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."