ലാഭത്തിനല്ല; ജീവിതമാണ് ഈ കച്ചവടം
മുത്തങ്ങ: കാലത്തിനൊത്ത് കാര്‍ഷിക മേഖലയും മാറിയതോടെ ഉപജീവനത്തിന് പുതുവഴി തേടി ഗോത്രവര്‍ഗക്കാര്‍. വര്ഷാവര്ഷങ്ങളില് ഈ സമയം വയലുകളില്‍ കൊയ്ത്തിലും മറ്റു കൃഷിപ്പണികളിലും വ്യാപൃതരായിരുന്ന ഇവരിന്ന് കച്ചവടത്തിരക്കിലാണ്.
പാതയോരങ്ങളിലെ ഈ കാഴ്ച ലാഭം കൊതിച്ചുള്ള വ്യാപാരമല്ല, ഉപജീവന മാര്‍ഗമാണ്. കാട്ടില്‍ നിന്നു പറിച്ചു കൊണ്ടുവരുന്ന നെല്ലിക്കയും മറ്റും കവറുകളിലാക്കി പാതയോരത്ത് വില്പന നടത്തുകയാണ് ഇവര്‍. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളാണ് ഇവരുടെ ഉപഭോക്താക്കള്‍. കച്ചവടം നടന്നില്ലെങ്കില്‍ ഉപജീവനവും പ്രശ്നമാകും.
നേരത്തെ ഈ സമയങ്ങളില്‍ കൊയ്ത്തു പണിയും മറ്റുജോലികളും ലഭിക്കുമായിരുന്നു. എന്നാല്‍ സര്‍വ മേഖലകളിലും യന്ത്രവല്‍ക്കരണം വന്നതോടെ ഈ ജോലിയും നിലച്ചു. കൂടാതെ ഇത്തവണ കുറന്തോട്ടി, ചുണ്ട എന്നിവയും കുറഞ്ഞതോടെ ഇവ പറിച്ചെടുത്ത് സൊസൈറ്റിയില്‍ കൊടുക്കാനും കഴിയുന്നില്ലന്നും നെല്ലിക്ക വില്പന നടത്തുന്ന ഗോത്രവര്‍ഗക്കാരനായ ബാലന് പറയുന്നു. ഈ സാഹചര്യത്തിലാണ് വനത്തിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച് നെല്ലിക്ക ശേഖരിച്ച് ഇവിടെ എത്തിച്ച് പാതയോരത്ത് വില്പന നടത്തുന്നത്. പലപ്പോഴും നെല്ലിക്ക ശേഖരിക്കാന്‍ പോയാല്‍ അന്നു മടങ്ങാന്‍ കഴിയാറില്ല. അങ്ങനെ വരുമ്പോള്‍ അന്നു രാത്രി വനത്തില്‍ തന്നെ കഴിഞ്ഞുകൂടും. തുടര്‍ന്ന് ശേഖരിച്ച നെല്ലിക്ക തലച്ചുമടായാണ് ഇവിടെയെത്തിക്കുക. നെല്ലിക്ക വിറ്റുപോകുന്നത് കുറവാണെങ്കിലും ഇതല്ലാതെ വേറെമാര്ഗമില്ലന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം നിരവധി കച്ചവടക്കാരാണ് ജില്ലയിലെ വിവിധ പാതയോരങ്ങളിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."