റോഡ് പുഴയെടുത്തു; ആദിവാസി കുടുംബങ്ങളുടെ വഴി മുട്ടി
തലപ്പുഴ: റോഡ് പുഴയെടുത്തതോടെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയിലാണ് നിരവധി ആദിവാസി കുടുംബങ്ങള്‍ നിലവിലെ റോഡില്ലാതായതോടെ ദുരിതമനുഭവിക്കുന്നത്. മേലെ തലപ്പുഴ മക്കിമല ആദിവാസി കോളനിയിലെ ഏഴു വീടുകളിലേക്ക് പോകുന്ന റോഡാണ് കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നത്. പുഴയോരം ചേര്‍ന്നാണ് ഈ വീടുകളിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന വിധത്തില്‍ പ്രദേശവാസികള്‍ തന്നെ നിര്‍മിച്ച ചെറിയ മണ്‍റോഡാണ് മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രളയത്തിലെ വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് പുഴ ഇപ്പോള്‍ ദിശമാറി ഈ റോഡിലൂടെയാണ് ഒഴുകുന്നത്. ഇതോടെ മാസങ്ങളായി ഇവരുടെ വീടുകളിലേക്ക് ഒരു വാഹനങ്ങള്‍ക്കും പോകാന്‍ കഴിയാതെയായിട്ടുണ്ട്. ഇതു കാരണം കാല്‍നട യാത്ര പോലും ദുഷ്‌കരമായി. പുഴയോട് ചേര്‍ന്നു താമസിക്കുന്ന ഈ കോളനിയിലെ ദാരപ്പന്‍, മാധവി, ചന്തു എന്നിവരുടെ വീടുകളിലേക്ക് പോകാനാണ് ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്നത്. ഇവിടെ നിന്നു കുറച്ചകലെയുള്ള മറ്റുള്ള കുടുംബങ്ങള്‍ ഈ വഴി അടഞ്ഞതോടെ പുതിയതായി മറ്റൊരു ഭാഗത്തു കൂടി താല്‍ക്കാലികമായി റോഡ് നിര്‍മിച്ചിട്ടുണ്ട്. ആകെയുള്ള റോഡ് പുഴയെടുത്തതോടെ പലരുടെയും വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ടുണ്ട്. ഈ റോഡ് അരിക് കെട്ടിയുയര്‍ത്തി ഗതാഗത യോഗ്യമാക്കണമെന്നത് ഇവരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ റോഡില്‍ കലുങ്ക് നിര്‍മിച്ചത് മാത്രമാണ് പഞ്ചായത്ത് ആകെ ചെയ്തത്. പുഴയെടുത്ത ഈ റോഡ് പുനഃസ്ഥാപിക്കണമെന്ന് പല തവണയായി ആദിവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഈ റോഡിനെ അവഗണിക്കുന്നതില്‍ ഇവര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."