ട്രംപ് വാക്കുകള്‍ സൂക്ഷിക്കണമെന്ന് ചൈന
ബെയ്ജിങ്: വാക്കുകള്‍ സൂക്ഷിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്. ട്രംപിന്റെ വാക്കുകളും പ്രവൃത്തിയും മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റുള്ളവരും പ്രകോപനം നിര്‍ത്തണമെന്നും ജിന്‍ പിങ് പറഞ്ഞു.
ഉത്തരകൊറിയന്‍ വിഷയത്തില്‍ ട്രംപ് നടത്തിയ പ്രസ്താവനയാണ് ചൈനയെ ചൊടിപ്പിച്ചത്. ഉത്തര കൊറിയക്കുമേല്‍ തീകൊണ്ട് അഭിഷേകം നടത്തുമെന്നു ട്രംപ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരേ റഷ്യയും ജര്‍മനിയും നേരത്തെ രംഗത്തുവന്നിരുന്നു. ട്രംപിന്റെ പ്രസ്താവനകള്‍ സംഘര്‍ഷം വര്‍ധിപ്പിക്കാനാണ് ഉപകരിക്കൂവെന്നായിരുന്നു ഈ രാജ്യങ്ങളുടെ നിലപാട്.
എന്നാല്‍ കഴിഞ്ഞദിവസം ചൈനീസ് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഗ്ലോബല്‍ ടൈംസില്‍ വെള്ളിയാഴ്ച വന്ന മുഖപ്രസംഗത്തില്‍ അമേരിക്കയെ ആദ്യം ആക്രമിച്ചാല്‍ ചൈന ഉത്തര കൊറിയക്ക് ഒപ്പം നില്‍ക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. കൊറിയയിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നോക്കിനില്‍ക്കില്ലെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇരു രാജ്യങ്ങളും നടത്തുന്ന വാക്‌പോരിനെ വിമര്‍ശിക്കുന്ന പ്രസ്താവനയാണ് ഇന്നലെ ചൈനീസ് പ്രസിഡന്റ് നടത്തിയത്. അതിനിടെ, യു.എസും ചൈനയും ഉത്തര കൊറിയയുടെ പ്രകോപനത്തെ ചെറുക്കാന്‍ ധാരണയിലെത്തിയെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ ചക്രവര്‍ത്തി വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ അറിയിച്ചു.
അമേരിക്ക ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചതിനെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ഉത്തര കൊറിയക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് അമേരിക്കയും ഉത്തര കൊറിയയും വീണ്ടും കൊമ്പുകോര്‍ത്തത്. ഗുവാമിലെ യു.എസ് സൈനികതാവളം ആക്രമിക്കുമെന്നും കഴിഞ്ഞദിവസം ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."