അതിരുകള്‍ ഭേദിക്കുന്ന ഡിജിറ്റല്‍ മാധ്യമവല്‍ക്കരണം
ആദ്യം പിണക്കം, പിന്നെ ഇണക്കം അതും കഴിഞ്ഞു വണക്കം എന്നത് മിക്ക രംഗങ്ങളെയും തുടക്കം മുതല്‍ നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മനസിലാക്കാവുന്ന ലളിത കാര്യമാണ്. ഡിജിറ്റല്‍ മാധ്യമങ്ങളും ഇതില്‍നിന്നു ഭിന്നമല്ല. ഈ ഡിജിറ്റല്‍ ഒക്കെ എവിടെ വരെ പോകാന്‍ എന്ന് ആശ്വാസം കൂടി ചാലിച്ച ചോദ്യമുന എയ്തു തര്‍ക്കിച്ചവര്‍ വരെ ഇന്ന് ഫേസ്ബുക്കിലും ട്വിറ്ററിലും സക്രിയമായി സംവാദത്തില്‍ ഏര്‍പ്പെടുന്നു, ഉത്തരം മുട്ടിക്കുന്നവരെയോ സഹിക്കാന്‍ വയ്യാത്തവരെയോ 'ബ്ലോക്ക് ' ചെയ്യുന്നു. പരമ്പരാഗത മാധ്യമങ്ങളുമായി വളരെ പ്രകടമായ വ്യത്യാസം സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കുണ്ട്. അഭിപ്രായ ഉള്‍ച്ചേര്‍ച്ച എന്നു പ്രത്യക്ഷത്തില്‍ പറയാമെങ്കിലും സമീപകാല പ്രവണതകള്‍ ചില നിര്‍മിത വാര്‍ത്തകള്‍ പടച്ചിറക്കി വിടാന്‍ പറ്റിയ വിളനിലങ്ങളാണ് ഈ മാധ്യമങ്ങള്‍ എന്നു സന്ദേഹിക്കാന്‍ പ്രേരിപ്പിക്കുന്നു.
ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളും ബിസിനസ് സംഘങ്ങളും സാമൂഹിക മാധ്യമങ്ങളെ പലതരത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ആശയസംഹിതകളോ നയപരിപാടികളോ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സാധാരണക്കാരില്‍നിന്ന് അഭിപ്രായം സ്വീകരിക്കാനും ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് അഭിനന്ദിക്കപ്പെടേണ്ടതു തന്നെയാണ്. അതുപോലെ തന്നെ വിവിധ വ്യാപാര ബ്രാന്‍ഡുകള്‍ അവരുടെ ഉല്‍പന്നംസേവനം ഉപഭോക്താക്കളിലേക്കു (ടാര്‍ഗറ്റഡ് ഓഡിയന്‍സ്) കൃത്യമായി എത്തിക്കാന്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലും തെറ്റില്ല. മാധ്യമത്തിന്റെ പൊതുആവശ്യം തന്നെ ജനങ്ങളിലേക്ക് എത്തിക്കാനുള്ളതാണല്ലോ. ആ അര്‍ഥത്തില്‍ സമൂഹത്തിന്റെ പരിച്ഛേദം ഉള്ളിടത്തുനിന്ന് ആര്‍ക്കും മാറിനില്‍ക്കാനാകില്ല.
കേന്ദ്ര സര്‍ക്കാര്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വരെ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്ലൊരു തുക നല്‍കി, തങ്ങളുടെ സ്തുതിമാഹാത്മ്യങ്ങളും കര്‍മങ്ങളും വാഴ്ത്തിപ്പാടാന്‍ ഫേസ്ബുക്ക് മുതല്‍ വാട്ട്‌സ്ആപ്പ് വരെ ഉപയോഗിക്കുന്നത് ആ മാധ്യമങ്ങളുടെ എത്തപ്പെടല്‍ അഥവാ Reach മനസിലാക്കിത്തന്നെയാണ്. ഇവിടെ എത്തിയില്ലെങ്കില്‍ അതാകും അവരെ സംബന്ധിച്ചിടത്തോളം വലിയ വീഴ്ചയെന്ന് ആലോചിക്കുന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഒപ്പം തന്നെ വ്യക്തിഗത രീതിയിലും രാഷ്ട്രീയക്കാര്‍ മുതല്‍ പ്രൊഫഷനലുകള്‍ വരെ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. അവരവരുടെ പ്രിയര്‍/ഫാന്‍സ്/ഇടപാടുകാരുമായി ഇടനിലക്കാരില്ലാതെ നേരിട്ടുതന്നെ ആശയവിനിമയം ചെയ്യാമെന്നതും ആശയാഭിലാഷങ്ങള്‍ അനുസരിച്ചു പരിപാടികളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താമെന്നതും അവരുടെ പ്രത്യക്ഷ അജന്‍ഡയാണ്.
ഒരു പ്രത്യക്ഷ അജന്‍ഡ ഉള്ളപ്പോള്‍ നിശ്ചയമായും ഒളിയജന്‍ഡയും ഉണ്ടാകേണ്ടേ? എല്ലാര്‍ക്കും ഈ പാത ഉണ്ട് എന്നു പറയുന്നില്ല. എന്നാല്‍ മറഞ്ഞിരുന്നുള്ള ആക്രമണത്തിനും വ്യാജവിവരങ്ങള്‍ പ്രസരിപ്പിച്ച് എതിര്‍ ഭാഗത്തുള്ളവര്‍ക്കു പരമാവധി ആഘാതം ഏല്‍പ്പിക്കാനും ഒരു വിഭാഗം തന്നെ സൈബര്‍ പടയണിയില്‍ പണിയെടുക്കുന്നുണ്ട്. പോസ്റ്റുകള്‍ക്കും ട്വീറ്റുകള്‍ക്കും നിര്‍മിത ജനസമ്മിതി ഉണ്ടാക്കിയെടുത്ത് അത്രമേല്‍ വലുതെന്നു പെരുപ്പിച്ചു കാണിക്കാനും ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന്, അത് താനല്ലയോ ഇതെന്ന് വര്‍ണ്യത്തില്‍ ആശങ്ക വരുന്ന തരത്തില്‍ പ്രചരിപ്പിച്ച് ആശയക്കുഴപ്പത്തിന്റെ പടുകുഴിയില്‍ എത്തിച്ചു വിശ്വസിപ്പിച്ചു കാര്യം കാണുന്ന ഉദാഹരണങ്ങളും അനവധി. എന്നാല്‍ എതിരാളികളെ പറ്റി നട്ടാല്‍ കുരുക്കാത്ത വാര്‍ത്തയും വര്‍ത്തമാനവും ഫോട്ടോ വെട്ടിയൊട്ടിക്കല്‍ ചിത്രവധങ്ങളുമൊക്കെ ചെയ്യുന്നത് നിയമവിരുദ്ധം തന്നെയാണ്. പറഞ്ഞിട്ടെന്തു കാര്യം. സത്യം ചെരുപ്പിടാന്‍ തുടങ്ങുമ്പോഴേക്കും വ്യാജവര്‍ത്തമാനം ഒരുവട്ടം നാടുചുറ്റി വന്നിട്ടുണ്ടാകും എന്ന ആനുകൂല്യമാണ് ഇവര്‍ കൊയ്‌തെടുക്കുന്നത്.
ഹാഷ്ടാഗുകള്‍ വരെ ഇത്തരം അവഹേളനത്തിനും നിര്‍മിതവാര്‍ത്താ വ്യായാമങ്ങള്‍ക്കും സര്‍വത്ര ഉപയോഗിക്കപ്പെടുന്നുണ്ട്. യൂസര്‍ ജനറേറ്റഡ് കണ്ടന്റ് അഥവാ സാധാരണക്കാര്‍ എഴുതുന്നതിനൊക്കെ ആധികാരികത പരസ്യത്തെക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കുമെന്നു പലപഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. അതു കൊണ്ടാണല്ലോ പരസ്യത്തെക്കാള്‍ അഡ്വര്‍ട്ടോറിയലിന് പത്രസ്ഥാപനങ്ങളില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്നതും പരസ്യക്കൂലി കൂടുതല്‍ തരാന്‍ വേണ്ടപ്പെട്ടവര്‍ തയാറാകുന്നതും. ഇതിന്റെ മറ്റൊരു വശമാണ് സാധാരണക്കാര്‍ എഴുതുന്ന കുറിപ്പുകള്‍ എന്ന മട്ടില്‍ പടച്ചിറക്കുന്ന പോസ്റ്റുകളും അവരെ വശംവദരാക്കി എഴുതിക്കുന്നതുമെല്ലാം. വ്യാജ വിലാസ എഴുത്തുമുതല്‍ പണമടവ് എഴുത്ത് (പെയ്ഡ് കണ്ടന്റ്) വരെ ഈ ഗണത്തില്‍ നടക്കുന്നു.
കോര്‍പറേറ്റ് ബ്രാന്‍ഡുകള്‍ തമ്മിലുള്ള യുദ്ധം ഇതിലും ഒരുപടി മേലെയാണ്. എതിരുല്‍പന്നത്തെ അല്ലെങ്കില്‍ എതിര്‍സേവനത്തെ പരമാവധി മോശമാക്കാന്‍ ഇല്ലാ വാര്‍ത്തകള്‍ തൊടുത്തുവിടും. ചെറുകിട ഇടത്തരം വ്യവസായം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ ഓണ്‍ലൈന്‍ പ്രഹരം പോലും വിപണിയില്‍നിന്ന് അവരെ തകര്‍ത്തെറിഞ്ഞേക്കാം. കടക്കെണിയുടെ നിലയില്ലാക്കയത്തിലേക്കു പതിക്കുകയും ചെയ്യും.
ഈ ഓണ്‍ലൈന്‍ വിസ്‌ഫോടന കാലത്ത് ഇതിനൊക്കെ എന്തു ചെയ്യാനാകുമെന്നു ചിന്തിച്ചിരുന്നിട്ടു കാര്യമില്ല. ശരിയായ ഉള്ളടക്കം സൃഷ്ടിച്ച് സമാന്തരമായി പ്രചരിപ്പിക്കുക എന്നതാണു ചെയ്യാവുന്ന ഒരു കാര്യം. ഒരു സംഘം ഡോക്ടര്‍മാര്‍ ചേര്‍ന്ന് ആരംഭിച്ച 'ഇന്‍ഫോ ക്ലിനിക്ക് ' എന്ന ഫേസ്ബുക്ക് പേജ് ഉദാഹരണം. നിര്‍മിത വ്യാജവാര്‍ത്തകളെയും വ്യക്തിപൂജ പര്‍വതീകരണത്തെയും ചെറുക്കാന്‍ നല്ല മാര്‍ഗം അതിനെ വിവരസമ്പുഷ്ടമായി അതേ മാധ്യമത്തിലൂടെ തന്നെ തുറന്നുകാട്ടുക എന്നതു മാത്രമാണ്.
(സാങ്കേതിക വിദഗ്ധനായ ലേഖകന്‍ ബാങ്കിങ് രംഗത്ത് ടെക്‌നിക്കല്‍ സീനിയര്‍
മാനേജരായി ജോലി ചെയ്യുന്നു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."