സവര്‍ണ ദേശീയതയില്‍ ദലിതന്റെ ഇടമെന്താണ് ?
സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തില്‍ ഇന്ത്യയിലെ ദലിത്ജീവിതം എന്താണ്? പുതിയ ഇന്ത്യയില്‍ സൂക്ഷിച്ചുനോക്കിയാല്‍ ഒരുകാര്യം കാണാനാകും; മുഖ്യധാരയുടെ എതിര്‍പ്പുകള്‍ക്കിടയിലും രാജ്യത്തെ പൊതുസമൂഹത്തില്‍ ശക്തമായ സാന്നിധ്യങ്ങളായി ഇടിച്ചുകയറുന്ന ഒരുകൂട്ടം ദലിത് ചെറുപ്പക്കാരെയും സ്ത്രീകളെയും അവരെ ഇല്ലാതാക്കാനും കൊലചെയ്യാനും പരിശ്രമിക്കുന്ന സവര്‍ണ അധികാര വ്യവസ്ഥയുമാണത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ബ്രാഹ്മണ്യബോധം പേറുന്ന വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനും അവിടത്തെ ബ്രാഹ്മണിക്കായ വ്യവസ്ഥയ്ക്കും മേല്‍ വ്യക്തമായ കുറ്റം ചാര്‍ത്തിയാണ് രോഹിത് വെമുല എന്ന ഗവേഷക വിദ്യാര്‍ഥി ജാതിവിവേചനത്തിന്റെ രക്തസാക്ഷിയായത്. സാമൂഹികാവഗണന നിറഞ്ഞ ദലിത് ജീവിത പരിസരത്തുനിന്ന് മുഖ്യധാരയിലേക്കു കയറിവന്ന് കാള്‍ സാഗനെപ്പോലെ ലോകം ആദരിക്കുന്ന ഒരു ശാസ്ത്ര പ്രതിഭയാകാന്‍ ആഗ്രഹിച്ച രോഹിത് വെമുലയെ തീര്‍ത്തത് ഇന്ത്യന്‍ സമൂഹികവ്യവസ്ഥ ഇന്നും പച്ചക്കു പിന്തുടരുന്ന ജാതിബോധം തന്നെയാണ്.
അംബേദ്കര്‍ പറഞ്ഞതു പോലെ ഒരു രാജ്യം മറ്റൊരു രാജ്യത്തില്‍നിന്നു സ്വാതന്ത്ര്യം നേടാന്‍ സമരം ചെയ്യുമ്പോള്‍ ആ രാജ്യത്തിലെ വിവിധ സമൂഹങ്ങള്‍ക്കു സ്വാതന്ത്ര്യവും നീതിയും ലഭ്യമാക്കാനുള്ള എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതാണ്. കഴിഞ്ഞ എഴുപതു വര്‍ഷം കഴിഞ്ഞിട്ടും അത്തരത്തിലൊരു സ്വാതന്ത്ര്യം ഇന്ത്യയില്‍ ദലിതര്‍ക്കു നേടാന്‍ കഴിയാത്തതിന്റെ ഉത്തരവാദി ഇവിടുത്തെ ഹിന്ദു ജാതിവ്യവസ്ഥയാണെന്നതു വ്യക്തമാണ്. പുതിയ ചെറുപ്പത്തെ, വിദ്യാര്‍ഥികളെ, സ്ത്രീകളെ ഒക്കെ കൊന്നുകൊണ്ട് ദലിതര്‍ക്കെതിരായ വംശീയത ഇന്ത്യയില്‍ കൂടെക്കൂടെ ഉല്‍പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണിന്ന്.
രാജ്യത്ത് ഒന്നാമതെന്നൊക്കെ വീമ്പിളക്കി പരസ്യമടിച്ച കേരളത്തില്‍ ഒരു ദലിത് ചെറുപ്പക്കാരന്റെ കൊലപാതകം നടന്നത് വേറൊരു തരത്തിലാണ്. മുടി നീട്ടിവളര്‍ത്തിയ ചെറുപ്പക്കാരനെ തൃശൂര്‍ പാവറട്ടിയിലെ പൊലിസുകാര്‍ ഇല്ലാതാക്കിയത് 'നീ കോളനിയില്‍ അല്ലെ?', 'നീ കഞ്ചാവ് കച്ചവക്കാരനല്ലേ?' എന്നൊക്കെയുള്ള ചോദ്യങ്ങളും പൊലിസ് സ്റ്റേഷനിലെ ക്രൂരമര്‍ദനങ്ങളും കൊണ്ടാണ്. ഒരുകാലത്ത് നേരാംവണ്ണം വസ്ത്രം ധരിക്കാത്തവരെന്നു ദലിതരെ അപഹസിച്ച അതേ സമൂഹം തന്നെയാണു മുടി നീട്ടി 'സ്റ്റൈലിഷ് ' ആയി നടന്ന ഒരു ചെറുപ്പക്കാരനെ ഇടിച്ചുകൊന്നത്. ഒരേസമയം ഒരുപാടു കാലം യുദ്ധം ചെയ്തുവന്ന വിനായകന്‍ എന്ന സിനിമാ നടനെ അംഗീകരിക്കുന്നുവെന്നു നാട്യം കാണിക്കുകയും ഒരുപക്ഷെ അയാളുടെ പിന്മുറക്കാരനായേക്കാവുന്ന മറ്റൊരു വിനായകനെ ഇല്ലാതാക്കുകയും ചെയ്യുന്നത്.
രോഹിത് വെമുലയെ പോലെത്തന്നെ പൊതുസമൂഹത്തിലേക്ക് കടന്നുചെന്ന് ഇന്ത്യക്കു പുറത്തുപോയി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍ ആഗ്രഹിച്ച ബിനേഷ് ബാലന്‍ എന്ന ആദിവാസി യുവാവ് തന്റെ സ്‌കോളര്‍ഷിപ്പുകള്‍ വൈകിക്കാനും കിട്ടാതിരിക്കാനും കേരളത്തിലെ ഉദ്യോഗസ്ഥര്‍ കളിച്ച കളികളെക്കുറിച്ചു തുറന്നുപറഞ്ഞിട്ടുണ്ട്. മറ്റേതൊരു സമൂഹത്തില്‍നിന്നും വ്യത്യസ്തമായി ബിനേഷിനെ ഒരു വര്‍ഷത്തിലധികം സ്‌കോളര്‍ഷിപ്പിനുവേണ്ടി നടത്തിക്കുകയും വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ പലതരത്തിലുള്ള അധിക്ഷേപങ്ങള്‍ക്കും വിധേയമാക്കുകയും ചെയ്തു. അതിനിടയില്‍ പുരോഗമന വിദ്യാഭ്യാസ പ്രസ്ഥാനമെന്ന പേരുള്ള എസ്.എഫ്.ഐയുടെ പ്രവര്‍ത്തകര്‍ ആ വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന അവസ്ഥയുമുണ്ടായി. കേരള സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പാസാകുമെന്ന ഉറപ്പില്‍ വിശ്വസിച്ച് ജര്‍മനിയില്‍ ഉന്നത സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന നിധീഷ് എന്ന ചെറുപ്പക്കാരന്‍ നേരിട്ട അനുഭവങ്ങളും സമാനമായിരുന്നു.
ജിഷ എന്ന നിയമവിദ്യാര്‍ഥിനി അതിക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ കേരളം ആ കുട്ടിയുടെ കാമുകന്മാരെക്കുറിച്ചും പിതൃരാഹിത്യത്തെ കുറിച്ചുമായിരുന്നു ചര്‍ച്ച ചെയ്തത്. ചിത്രലേഖ എന്ന ഓട്ടോ തൊഴിലാളി കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി സി.പി.എമ്മിന്റെ ജാതി അതിക്രമങ്ങള്‍ക്കെതിരേ പോരാടിക്കൊണ്ടിരിക്കുന്നു. പശുവിനെ കൊണ്ടുപോയതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ദലിത് പെണ്‍കുട്ടികളെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയിരിക്കുന്നു. ഏറ്റവും അവസാനം ഇന്ത്യയിലെ തോട്ടിപ്പണിയെക്കുറിച്ച് ഡ്യോക്യുമെന്ററി ചെയ്ത ദിവ്യ ഭാരതി എന്ന തമിഴ് യുവതിയെ സമൂഹം വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവര്‍ ഇപ്പോള്‍ അക്രമവും ബലാത്സംഗ ഭീഷണിയുമൊക്കെയായി ഒളിച്ചുതാമസിക്കുകയാണ്.
നവമാധ്യമങ്ങളും അക്കാദമിക രംഗങ്ങളും കീഴടക്കി ദലിതരും ആദിവാസികളുമൊക്കെയായ ചെറുപ്പക്കാര്‍ പരസ്യമായി രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും സര്‍വകലാശാലാ അഗ്രഹാരങ്ങള്‍ പിടിച്ചടക്കുകയും ചെയ്യുന്ന ഒരു ശുഭകരമായ മാറ്റം ദൃശ്യപ്പെട്ടുവരുന്നുണ്ട്. അവര്‍ പുതിയ ചിന്തകള്‍ മുന്നോട്ടുവയ്ക്കുകയും പുതിയ വഴികള്‍ തുറന്നിടുകയും ചെയ്യുന്നുണ്ട്. അത്തരം പുതുശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സവര്‍ണ ഇന്ത്യന്‍ ദേശീയത പരിശ്രമിക്കുമ്പോഴാണ് രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപതു വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതെന്നതാണ് ഏറെ കൗതുകകരം.
(എഴുത്തുകാരനും ഡ്യോക്യുമെന്ററി സംവിധായകനുമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."