കണ്ണീരായിരുന്നു ആ ഉമ്മമാരുടെ ഭാഷ!
പരപ്പനങ്ങാടി: അതൊരു സംഗമമായിരുന്നു, മക്കളുടെ ഓര്‍മകള്‍ക്കു മുന്നില്‍ മാതൃഹൃദയങ്ങള്‍ വിതുമ്പിയ സമാഗമം. സകരിയ്യയുടെ മാതാവിനെ കാണാന്‍ നജീബിന്റെ ഉമ്മയെത്തിയപ്പോള്‍ അവര്‍ക്കിടയില്‍ ഭാഷാന്തരങ്ങള്‍ തടസമായില്ല, കണ്ണീരായിരുന്നു അവരുടെ ഭാഷ.
ബംഗളൂരു സ്‌ഫോടനക്കേസിന്റെ പേരില്‍ പത്തു വര്‍ഷമായി കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ വിചാരണാ തടവുകാരനായ സക്കരിയ്യയുടെയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന നജീബ് അഹമ്മദിന്റെന്റെയും ഉമ്മമാരാണ് കണ്ടുമുട്ടിയത്. സകരിയ്യയുടെ മാതാവ് ബിയ്യുമ്മയുടെ കാണാന്‍ നജീബിന്റെ മാതാവ് ഫാത്വിമ നഫീസ് പരപ്പനങ്ങാടി പുത്തന്‍പീടികയിലുള്ള വീട്ടിലെത്തുകയായിരുന്നു. നജീബിന്റെ സഹോദരന്‍ ഹസീബ് അഹമ്മദും കൂടെയുണ്ടായിരുന്നു.
ഇന്നലെ ഉച്ചയോടെയെത്തിയ ഫാത്വിമ നഫീസിനെ നിറകണ്ണുകളോടെയാണ് ബിയ്യുമ്മ സ്വീകരിച്ചത്. 2008ലെ ബംഗളൂരു സ്‌ഫോടനക്കേസിന്റെ പേരില്‍ 2009 ഫെബ്രുവരി അഞ്ചിനാണ് അന്നു 19 വയസുണ്ടായിരുന്ന സക്കരിയ്യയെ ജോലിചെയ്തിരുന്ന തിരൂരിലെ കടയില്‍നിന്നു പൊലിസ് കൊണ്ടുപോയത്. ജെ.എന്‍.യുവില്‍ എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായിരുന്ന നജീബിനെ (27) 2016 ഒക്ടോബര്‍ 15 മുതലാണ് സര്‍വകലാശാലയുടെ ഹോസ്റ്റലില്‍നിന്നു കാണാതായത്. തന്റെ മകന്‍ മുസ്‌ലിമായതാണ് കേസന്വേഷണം വഴിമുട്ടിയതിനും തിരോധാനത്തിനു കാരണക്കാരായവര്‍ വിലസിനടക്കുന്നതിനും കാരണമെന്നു പറയുന്ന ഫാത്വിമ നഫീസ്, നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഉറപ്പിച്ചുപറയുന്നുണ്ട്.
എസ്.ഐ.ഒയുടെ പരിപാടിക്കായെത്തിയ അവര്‍, സക്കരിയ്യയെക്കുറിച്ചറിഞ്ഞതോടെ ബിയ്യുമ്മയെ സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുകയായിരുന്നു.
കൊടിഞ്ഞിയിലെത്തി, ഫൈസലിന്റെ കുടുംബത്തെ കണ്ടു
തിരൂരങ്ങാടി: നജീബിന്റെ ഉമ്മ കൊടിഞ്ഞിയിലുമെത്തി, ഇസ്‌ലാം സ്വീകരിച്ചതിനു സംഘ്പരിവാരം കൊന്നുതള്ളിയ ഫൈസലിന്റെ മാതാവിനെക്കാണാന്‍. ഫൈസലിന്റെ ഉമ്മ ജമീലയും നജീബിന്റെ ഉമ്മ ഫാത്വിമ നഫീസും കെട്ടിപ്പിടിച്ചു കരഞ്ഞപ്പോള്‍ കൂടിനിന്നവര്‍ക്കും അതു നൊമ്പരക്കാഴ്ചയായി.
ഉച്ചയ്ക്കു പന്ത്രണ്ടോടെ കൊടിഞ്ഞി തിരുത്തിയിലെ ഫൈസലിന്റെ വീട്ടിലെത്തിയ നജീബിന്റെ മാതാവും സഹോദരനും, ഫൈസലിന്റെ ഉമ്മ ജമീല, ഫൈസലിന്റെ ഭാര്യ ഭാര്യ ജസ്‌ന, മക്കളായ ഫഹദ്, ഫായിസ്, ഫാത്വിമ ഫര്‍സാന എന്നിവരോടൊപ്പം ഏറെനേരം ചെലവഴിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."