കല്ലിടുമ്പിലെ മണ്ണിടിച്ചില്‍; ഗോപി വിശ്രമം കഴിഞ്ഞിറങ്ങിയത് മരണത്തിലേക്ക്
എടവണ്ണ: ഉച്ചയൂണിനു ശേഷമുള്ള വിശ്രമം കഴിഞ്ഞ് ഗോപി ഇറങ്ങിയതു മരണത്തിലേക്ക്. ഇന്നലെ എടവണ്ണ കല്ലിടുമ്പിലെ ഇരുമ്പുത്തലയില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ച ഗോപിയും സംഘവും ഉച്ചയ്ക്കു ശേഷം മൂന്നോടെയാണ് ജോലിക്കിറങ്ങിയത്. പത്തടിയോളം താഴ്ചയില്‍ അടിത്തറ കീറി അതില്‍ കരിങ്കല്‍ പടവ് നടത്തുന്നതിനിടെയാണ് ഇരുപതടിയോളം ഉയരത്തിലുള്ള മണ്‍തിട്ട ഇവരുടെ മേല്‍ ഇടിഞ്ഞുവീണത്. ഗോപിയെക്കൂടാതെ സഹായിയായ രാഗേഷും മണ്ണിനടിയിലായി. രാഗേഷിന്റെ ചെറിയ ഭാഗം പുറത്തു കാണാനായതിനാല്‍ പെട്ടെന്നുതന്നെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാനായി. എന്നാല്‍, പത്തടിയോളം താഴ്ചയില്‍ കിടന്നിരുന്ന ഗോപിയെ അര മണിക്കൂറോളം നീണ്ട കഠിനപരിശ്രമത്തിന്റെ ഫലമായാണ് പുറത്തെടുക്കാനായത്. ട്രോമാ കെയര്‍, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് പ്രവര്‍ത്തകര്‍ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ഗോപിയെ രക്ഷിക്കാനായില്ല.
പത്തപ്പിരിയം വായനശാലയിലെ കലന്തിയില്‍ കോളനിയിലെ രാഗേഷിനെ ഇരു തോളെല്ലുകളും തുടയെല്ലും പൊട്ടിയ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ ഇരുമ്പും തലയിലെ കെ.ടി റഷീദിന്റെ വീടിന്റെ സംരക്ഷണഭിത്തി തോട്ടിലേക്കു തകര്‍ന്നുവീഴുകയും വീട് തകര്‍ച്ചയുടെ വക്കിലെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു ചെറുകിട ജലസേചന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപ വിനിയോഗിച്ചു വലിയതോടിന്റെ സംരക്ഷണഭിത്തി കരിങ്കല്‍ കെട്ടുന്നതിനിടെയാണ് അപകടം. പത്തു പേരടങ്ങുന്ന കരിങ്കല്‍ തൊഴിലാളി സംഘം ജോലി ചെയ്യുന്നിടത്തേക്കാണ് ഇരുപതടി ഉയരത്തിലുള്ള മണ്ണിടിഞ്ഞുവീണതത്.
എടവണ്ണ എസ്.ഐ പ്രദീപ്കുമാര്‍, തിരുവാലി ഫയര്‍ ഓഫിസര്‍ മുനവ്വര്‍ സമാന്‍, ട്രോമാകെയര്‍ എടവണ്ണ യൂനിറ്റ് ലീഡര്‍ ടി.കെ ഫാദിഷ്, എടവണ്ണ യൂനിറ്റ് എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് ലീഡര്‍ പി.പി ഷാഹിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഏറനാട് താസില്‍ദാര്‍ പി. സുരേഷ്, ഡെപ്യൂട്ടി താസില്‍ദാര്‍ മോഹനകൃഷ്ണന്‍, പെരകമണ്ണ വില്ലേജ് ഓഫിസര്‍ ജയപ്രകാശ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."