75,000 ത്തിന് വീട് റെഡി !
കാഞ്ഞങ്ങാട്: വീടെന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്. വീട് കെട്ടി മുടിഞ്ഞവരും വീട് കെട്ടാന്‍ തുടങ്ങി പാതി വഴിയില്‍ ഉപേക്ഷിച്ചവരും. ഇപ്പോഴും പണിതീരാത്ത വീടുമായി ഇരിക്കുന്നവരും കേരളത്തിലുണ്ട്. ഇവിടെയാണ് 75000 രൂപ ചിലവില്‍ നല്ല ഒന്നാന്തരം മൊഞ്ചുള്ള വീടുകെട്ടി ഒരു യുവാവ് മലയാളിയുടെ ഉപഭോഗ സംസ്‌കാരത്തെ പരിഹസിക്കുന്നത്. കാഞ്ഞങ്ങാട് കണ്ണോത്തെ രമേശനാണ് 600 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടു മുറികളും ഒരു സാമാന്യം വലിപ്പമുള്ള ഹാളും, അടുക്കളയും പ്രാര്‍ഥനാമുറിയെന്ന പടിഞ്ഞാറ്റയും, വര്‍ക്ക് ഏരിയയും സിറ്റ് ഔട്ടും ബാത്തുറൂമും ഒക്കെയുള്ള ഒരു വീട്് കെട്ടി മലയാളികളെ അതിശയിപ്പിക്കുന്നത്. വീടിന്റെ ചുവരുകള്‍ക്ക് ഹോളോ ബ്രിക്‌സാണ് ഉപയോഗിച്ചത്. ഇതിന്റെ ഒരു കട്ടയ്ക്ക് 30 രൂപയാണ് വില. 1500 കട്ടകള്‍ വേണ്ടിവന്നു. ഒരു വീട്ടിന്. കട്ട പൊളിഞ്ഞ് പോകാതിരിക്കാന്‍ ടൈല്‍സ് പണിക്കാര്‍ ഉപയോഗിക്കുന്ന കട്ടിംങ് മെഷീന്‍ കൊണ്ട് കട്ട് ചെയ്താണ് നല്‍കിയത്. ഇതിനാല്‍ കുറേ കട്ടകള്‍ ലഭിക്കാന്‍ വേണ്ടി കഴിഞ്ഞതായി രമേശന്‍ പറഞ്ഞു. ,ജനല്‍, വാതില്‍, എന്നിവക്ക് സിമെന്റ് കട്ടിളകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ മരത്തിന്റെ ഉപയോഗം വളരെ കുറഞ്ഞു. മുകളില്‍ ആസ്ബറ്റോസ് ഷീറ്റ് ആണ്് ഇട്ടിരിക്കുന്നത്. വയറിംഗ് പണിയും പ്ലംബ്ലിംഗ് വര്‍ക്കും ഒരു സുഹൃത്തിന്റെ സഹായത്തോടെ രമേശന്‍ മുന്നിട്ട് ചെയുകയായിരുന്നു. പാറ പ്രദേശമായതിനാല്‍ കക്കൂസ് ടാങ്ക് കുഴിക്കുന്നതിന് പണം കുറച്ച് ചെലവാക്കേണ്ടി വന്നുവെന്ന് രമേശന്‍ പറയുന്നു. മേല്‍ക്കൂരയ്ക്ക് ആസ്ബറ്റോസ് ഷീറ്റിന് പകരം പഴയ ഓടോ ചെറിയ കനത്തില്‍ കോണ്‍ക്രീറ്റോ ചെയ്താല്‍ വീടു കുറച്ചു കൂടി ഭംഗിയാവുമെന്ന്് രമേശന്‍ പറയുന്നു. ഹോളോ ബ്രിക്‌സിന് ചെറിയ ഒരു പെയിന്റ് കൂടി ചെയ്താല്‍ വീട് ഒന്നുകൂടി സുന്ദരിയാകും.
അസുഖബാധിതയായ തന്റെ സഹോദരിക്ക് വേണ്ടിയാണ് രമേശന്‍ ആദ്യം വീട് പണി തുടങ്ങിയത്. പിന്നീട് മറ്റൊരു സഹോദരിയുടെ മകള്‍ക്കു കൂടി ഇതേ ചിലവില്‍ വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു.
വീടിനുവേണ്ടി ഒരു പാട് സമ്പാദ്യം ചിലവാക്കുന്നത് സത്യത്തില്‍ സമൂഹത്തോടുള്ള പരിഹാസമാണെന്നാണ് രമേശന്റെ പക്ഷം. നന്നായി ജീവിക്കാനാണ് പണം ചിലവാക്കേണ്ടത്. രമേശന്റെ വീട് ജില്ലയില്‍ പ്രാവര്‍ത്തികമാക്കാന്‍ എ.ഐ.വൈ.എഫ് എന്ന യുവജന സംഘടന തീരുമാനിച്ചിട്ടുണ്ട്. വീടില്ലാത്തവര്‍ക്ക് രമേശന്റെ മേല്‍നോട്ടത്തില്‍ വീട് നിര്‍മിച്ചു നല്‍കാനാണ് തീരുമാനം. ഉപഭോഗ സംസ്‌കാരത്തിന്റെ ഈ കാലത്ത് വീടെന്ന സ്വപ്നം പേറി നടക്കുന്നവര്‍ക്ക് വല്യ പ്രതീക്ഷയാവുകയാണ് രമേശന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."