ലഷ്കറിന് പരിശീലനം നല്‍കുന്നത് പാക് സൈന്യമെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പാക് ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയിലെ അംഗങ്ങള്‍ക്ക് പാക് സൈന്യം പരിശീലനം നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. കശ്മിരില്‍ നിന്നും പിടിയിലായ ലഷ്കര്‍ ഭീകരന് ബഹാദൂര്‍ അലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ എന്‍.ഐ.എ പുറത്തു വിട്ടു.
കശ്മിരിലെ നിലവിലെ സംഘര്‍ഷാവസ്ഥ മുതലെടുത്ത് മേഖലയില്‍ നുഴഞ്ഞുകയറി അശാന്തി പരത്താന്‍ ലഷ്കര്‍ നിര്‍ദേശം നല്‍കിയതായും ബഹാദൂര്‍ അലി പറയുന്നു.പാക് അധീന കശ്മിരിലെ കണ്ട്രോള് റൂമിലിരുന്ന് ലഷ്കര്‍ തങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണിലാണ് രണ്ടു ഭീകരര്‍ക്കൊപ്പം ബഹാദൂര്‍ അലി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറിയത്. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യം മുതലെടുക്കാനായിരുന്നു നിര്‍ദേശം. പാകിസതാനില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നുമുള്ള 30 മുതല്‍ 50 വരെ അംഗങ്ങള്‍ പരിശീലന ക്യാംപില്‍ ഉണ്ടാകാറുണ്ടെന്നാണ് ബഹാദൂറിന്റെ മൊഴി.
ലഷ്കര്‍ ക്യാംപുകള്‍ പാക് സേന സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്. ലാഹോര്‍ സ്വദേശിയായ സൈഫുല്ല എന്ന ബഹാദൂര്‍ അലി പിടിക്കപ്പെടുന്നതിനിടെ ഇയാളൊപ്പമുണ്ടായിരുന്ന രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ നിന്ന് എ.കെ47 തോക്കുകളും പിസ്റ്റളുകളും ഇന്ത്യന്‍ രൂപയും പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."