ഫാസിസം അടുക്കളയിലേക്കും: എന്‍.എസ്.മാധവന്
കോഴിക്കോട്: ഫാസിസം എഴുത്തുമുറിയില്‍ മാത്രമല്ല അടുക്കളയിലും കയറി ആക്രമിക്കുകയാണെന്ന് എഴുത്തുകാരന് എന്‍.എസ്.മാധവന്. മനുഷ്യാവസ്ഥയെ ആവിഷ്കരിക്കുകയാണ് എഴുത്തുകാരന്റെ കടമ. അതിനു ജനാധിപത്യവുമായി ബന്ധമില്ല.
കടമ നിര്‍വഹിക്കാന്‍ അനുവദിക്കാത്ത കാലത്തിലേക്കു നാം നീങ്ങുകയാണ്. 'ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി' എന്ന ശീര്‍ഷകത്തില്‍ മൂന്നുദിവസം നീളുന്ന ഒത്തുചേരലിന് തുടക്കം കുറിച്ച് 'ജനാധിപത്യത്തിലെ എഴുത്ത്' എന്ന സംവാദം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യാവസ്ഥ ചുരുങ്ങി, മനുഷ്യനെന്നാല്‍ ഹിന്ദിക്കാരനും ഹിന്ദുവും ഒപ്പം സവര്‍ണനും ആകണമെന്നതിലേക്ക് എത്തിയിരിക്കുന്നു. മൂന്ന് തരത്തില്‍ ഫാസിസം ആക്രമണം നടത്തുകയാണ്. ശാരീരികമായും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേല്‍ കടിഞ്ഞാണിട്ടും ജനങ്ങളെ അഴിച്ചുവിട്ട് അടിച്ചമര്‍ത്തിയും.
ഹിന്ദു, ഹിന്ദി, സവര്‍ണഫാസിസം എന്നിങ്ങനെ ജനങ്ങളെ അഴിച്ചുവിട്ട് ഒച്ചവച്ചും വധിച്ചും നേരിടുന്ന അവസ്ഥയാണ് എറ്റവും അപകടകരമെന്നും എന്‍.എസ്.മാധവന് അഭിപ്രായപ്പെട്ടു. കെ.പി.രാമനുണ്ണി, ഉണ്ണി.ആര്, ഡോ. വി.അബ്ദുല്‍ ലതീഫ്, ലിജീഷ്കുമാര് തുടങ്ങിയവര്‍ സംസാരിച്ചു.
അടിയന്തരാവസ്ഥയിലേതിനു സമാനമായ അവസ്ഥയാണ് മാധ്യമരംഗത്ത് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്ത്തകന് ശശികുമാര്‍ പറഞ്ഞു.
'ഫാസിസത്തിന്റെ കാലത്തെ മാധ്യമപ്രവര്‍ത്തനം' സംവാദം ഉല്‍ഘാടനം ചെയ്യുകയായിരുന്നു ശശികുമാര്‍. ടി.പി.ചെറൂപ്പ, വി.മുസാഫിര്‍ അഹ്മദ്, കെ.കെ.ഷാഹിന, ടി.എം.ഹര്ഷന്, വി.ടി.സുരേഷ്, കെ.മുഹമ്മദ് ഷെരീഫ് സംസാരിച്ചു.
കവിതയുടെ രാഷ്ട്രീയഭാവങ്ങള്‍ കല്‍പ്പറ്റ നാരായണന് ഉല്‍ഘാടനം ചെയ്തു. ശ്രീജിത് അരിയല്ലൂര്‍ അധ്യക്ഷനായിരുന്നു. ചിത്രരചന, എകാങ്കനാടകം, ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയും ഒത്തുചേരലിന്റെ ഭാഗമായി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."