സ്വകാര്യ കോളജിനെ സഹായിക്കാന്‍ എം.ജിയില്‍ വഴിവിട്ടനീക്കം
തിരുവനന്തപുരം: സ്വകാര്യ കോളജിനു വേണ്ടി പ്രവേശനയോഗ്യതയില്‍ ഇളവുവരുത്താന്‍ എം.ജി യൂനിവേഴ്‌സിറ്റിയില്‍ നീക്കം. ഹോട്ടല്‍ മാനേജ്‌മെന്റില്‍ പി.ജി കോഴ്‌സ് നടത്തുന്ന മൂന്നാറിലെ മൗണ്ട് റോയല്‍ കോളജിനു വേണ്ടിയാണ് പ്രവേശന യോഗ്യതയില്‍ ഇളവ് വരുത്താന്‍ നീക്കം നടക്കുന്നത്.
കോളജ് മാനേജര്‍ ടിസ്സന്‍ തങ്കച്ചന്‍ പ്രവേശനയോഗ്യതയില്‍ ഇളവ് വരുത്തണമെന്ന ആവശ്യവുമായി സര്‍വകലാശാലക്ക് കത്ത് നല്‍കിയിരുന്നു. ഏതെങ്കിലും വിഷയത്തില്‍ 40 ശതമാനത്തില്‍ കുറയാതെ ഡിഗ്രി എന്നാക്കി യോഗ്യത പുനര്‍ നിര്‍ണയിക്കണമെന്നാണ് കോളജിന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോളജിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍വകലാശാല ഒരുങ്ങുന്നത്. നേരത്തെ കോളജ് മാനേജര്‍ നല്‍കിയ കത്ത് അക്കാദമിക് കൗണ്‍സിലിന്റെ വിദഗ്ധസമിതിയും സ്റ്റാന്‍ഡിങ് കമ്മിറ്റിയും തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് എങ്ങനെയും ഇളവു വരുത്താനായി യൂനിവേഴ്‌സിറ്റിയില്‍ ഒരു വിഭാഗം നീക്കം നടത്തുന്നത്. യോഗ്യതാ മാനദണ്ഡത്തില്‍ ചെറിയ മാറ്റം വരുത്തി ഇറക്കിയ ഉത്തരവ് റദ്ദാക്കിയത് ഇതിന്റെ ഭാഗമാണെന്നും ഇവര്‍ ആരോപിക്കുന്നു.
എം.എസ്‌സി ഹോട്ടല്‍മാനേജ്‌മെന്റ് കോഴ്‌സ് ആണ് കോളജില്‍ നടത്തുന്നത്. പ്രവേശനയോഗ്യത ഡിഗ്രി ഹോട്ടല്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ സയന്‍സ് വിഷയത്തില്‍ അന്‍പത് ശതമാനത്തില്‍ കുറയാതെയുള്ള വിജയമായിരുന്നു സര്‍വകലാശാലാ മാനദണ്ഡം. ഇത് അംഗീകരിക്കാനാകില്ലെന്നും ആവശ്യത്തിന് വിദ്യാര്‍ഥികളെ കോളജിന് ലഭിക്കുന്നില്ലെന്നുമാണ് മൗണ്ട് റോയല്‍ കോളജ് അധികൃതര്‍ പറയുന്നത്. യോഗ്യതയില്‍ ഇളവ് വരുത്തണമെന്ന ആവശ്യം അക്കാദമിക് കൗണ്‍സില്‍ പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല.പി.ജി കോഴ്‌സിന് 40 ശതമാനത്തില്‍ കുറയാതെയുള്ള എതെങ്കിലും ഡിഗ്രി യോഗ്യതയായി പരിഗണിക്കാനാകില്ലെന്ന നിലപാടിലായിരുന്നു കൗണ്‍സില്‍. കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന വിദഗ്ധസമിതിയും കോളജിന് അനുകൂല നിലപാട് സ്വീകരിച്ചില്ല. പിന്നീട് കോളജ് അധികൃതരുടെ സമ്മര്‍ദഫലമായി ഈ വര്‍ഷം മാര്‍ച്ച് 29ന് കത്ത് വീണ്ടും അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനക്ക് യൂനിവേഴ്‌സിറ്റി വിടുകയായിരുന്നു.
വൈസ് ചാന്‍സലറുടെ ചുമതലയുണ്ടായിരുന്ന പി.വി.സിയുടെ ഉത്തരവ് പ്രകാരമായിരുന്നു അന്ന് കത്ത് കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടത്. തുടര്‍ന്ന് കൗണ്‍സിലിന്റെ വിദഗ്ധസമിതി തയാറാക്കിയ നിര്‍ദേശങ്ങളും കോളജിന്റെ അപേക്ഷയും കഴിഞ്ഞ മേയ് ആറിന് അക്കാദമിക് കൗണ്‍സിലിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. വിഷയം വിശദമായി പഠിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗ്യതാ മാനദണ്ഡം സയന്‍സില്‍ 50 ശതമാനവും സയന്‍സിതര വിഷയത്തില്‍ 45 ശതമാനവും എന്നാക്കി ശുപാര്‍ശ ചെയ്തു. ഇത് യൂനിവേഴ്‌സിറ്റി ആക്ട് പ്രകാരം വി.സി അംഗീകരിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു.
അക്കാദമിക് കൗണ്‍സില്‍ തീരുമാനം കോളജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന നിലപാടിലായിരുന്നു കോളജ് മാനേജര്‍.അനുകൂല ഉത്തരവ് ലഭ്യമാകാനുള്ള കോളജിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഉത്തരവ് റദ്ദാക്കുകയാണ് യൂനിവേഴ്‌സിറ്റി ചെയ്തത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 27ന് നേരത്തെ ഇറക്കിയ ഉത്തരവ് റദ്ദാക്കി വീണ്ടും വിഷയം അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. ഇതോടെ കോളജിന് ലാഭമുണ്ടാക്കാനായി ഒത്താശ ചെയ്യുകയാണ് യൂനിവേഴ്‌സിറ്റി അധികൃതരെന്ന ആരോപണവും ശക്തമായി. അതേസമയം, എം.എച്ച്്.എം കോഴ്‌സ് നടത്താന്‍ എ.ഐ.സി.ടി.ഇ അനുമതി വേണമെന്ന് യൂനിവേഴ്‌സിറ്റി തന്നെ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, മൗണ്ട് കോളജിന് ഇതുവരെ എ.ഐ.സി.ടി അംഗീകാരം ലഭ്യമായിട്ടില്ല. ഇത്തരത്തില്‍ കോഴ്‌സ് നടത്തിപ്പിനുള്ള അനുമതി ലഭിക്കാത്ത സ്ഥാപനത്തിനു വേണ്ടിയാണ് യോഗ്യതയില്‍ ഇളവുവരുത്താന്‍ യൂനിവേഴ്‌സിറ്റിയില്‍ നീക്കം നടക്കുന്നതെന്നതും ശ്രദ്ധേയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."