കരോള്‍ ഗാനം പാടി അവശരെ കാണാന്‍ അവരെത്തി കേക്കുമായി
പോത്തന്‍കോട്: മംഗലപുരം പാട്ടം എല്‍.പി.സ്‌കൂളിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം പുതുമയും കാരുണ്യവും നിറഞ്ഞതായി.
സാന്റാ ക്ലോസിനൊപ്പം അഞ്ചാംക്ലാസിലെ 22 കുട്ടികളും ക്രിസ്തുമസ് തൊപ്പിയണിഞ്ഞു പ്രദേശത്തെ ഇടവഴികളിലൂടെ കരോള്‍ ഗാനങ്ങള്‍ ആലപിച്ച് നടന്നുനീങ്ങിയത് കൗതുകമായി.
സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് രജനി ആര്‍.നായര്‍, എസ്.എം.സി ചെയര്‍മാന്‍ ബീന പ്രവീണ്‍,പി.ടി.എ അംഗം മഞ്ജു, സീനിയര്‍ അധ്യാപിക ബി.ബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ യാത്ര. ഗോപാല്‍ഭാഗ് കോളനിയിലെ ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട്ടിലെത്തിയ അവര്‍ കണ്ടത് എണീറ്റ് നടക്കാനാകാതെ അയല്‍ക്കാരുടെ സഹായത്താല്‍ ജീവിക്കുന്ന വാര്‍ധക്യത്തിന്റെ അസുഖങ്ങള്‍ വല്ലാതെ തളര്‍ത്തുന്ന സരസ്വതി അമ്മുമ്മയെയാണ്. അവര്‍ക്ക് കേക്ക് നല്‍കി സ്‌നേഹാന്വോഷണങ്ങള്‍ നടത്തി ചുറ്റും കൂടിനിന്ന് ഒരു കരോള്‍ ഗാനവും പാടിയ ശേഷം അവര്‍ ഇതേ കോളനിയിലെ വാര്‍ദ്ധക്യം മൂലം കിടപ്പിലായ പങ്കജാക്ഷി അമ്മയുടെ വീട്ടിലെത്തി സുഖവിവരങ്ങള്‍ തിരക്കിയശേഷം കേക്കും സമ്മാനിച്ചു.
മകളോടൊപ്പമാണ് ഈ അമ്മ താമസിക്കുന്നത്. തുടര്‍ന്ന് സ്‌കൂളിന് സമീപത്തെ കണ്ണങ്കര കോണത്ത് പക്ഷാഘാതം ബാധിച്ച് ദീര്‍ഘകാലമായി എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടക്കുന്ന ബേബി അമ്മയുടെ വീട്ടിലെത്തിയ കുട്ടികള്‍ കട്ടിലിന് ചുറ്റുംകൂടി കരോള്‍ ഗാനം പാടി കേക്ക് നല്‍കിയ ശേഷം യാത്രയായത്.സ്‌കൂളിലെ ഒന്നാം ക്ലാസിലെ ഗോവിന്ദിന്റെ അമ്മാവന്‍ രാജേഷിനെ കാണാനായിരുന്നു. ഗോവിന്ദിനെ സ്‌കൂളില്‍ കൊണ്ടാക്കുമായിരുന്ന അമ്മാവന്‍ ആറ് മാസമായി മസിലുകള്‍ ചുരുങ്ങിപോകുന്ന അസുഖം ബാധിച്ച് ആഹാരം പോലും കഴിക്കാനാകാതെ വീട്ടില്‍ കിടപ്പാണ്.
മണ്ണുവച്ചവീട് കഴിഞ്ഞ മഴയില്‍ തകര്‍ന്നുപോയതിനാല്‍ സഹോദരിയുടെ വീട്ടില്‍ തൊഴിലുറപ്പിന് പോകുന്ന അമ്മയുടെ വരുമാനത്തിലാണ് രാജേഷിന്റെ ചികിത്സയടക്കം നടക്കുന്നത്.
വിറയാര്‍ന്ന കൈകളോടെ സാന്റാക്ലോസില്‍ നിന്ന് കേക്ക് വാങ്ങുമ്പോള്‍ മറ്റ് കുട്ടികള്‍ ക്രിസ്മസ് ഗാനം ആലപിച്ചു. ക്രിസ്മസ് സന്ദേശവുമായെത്തിയ കുട്ടികളുടെ സാന്നിധ്യവും സ്‌നേഹവും മാറോടുചേര്‍ത്ത് അവരെല്ലാം കുട്ടികളെ യാത്രയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."