കോവളം തീരത്തെ കൈവിട്ട് വിദേശ ടൂറിസ്റ്റുകള്‍
കോവളം. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പടിവാതില്‍ക്കലെത്തിയ കോവളം തീരത്തെ കൈവിട്ട് വിദേശ ടൂറിസ്റ്റുകള്‍. പ്രതീക്ഷയോടെ വിദേശ വിനോദ സഞ്ചാരികളെ കാത്തിരുന്ന കോവളം ടൂറിസം മേഖലയില്‍ ആശങ്കയും അനിശ്ചിതത്വവും. സാധാരണ ഗതിയില്‍ നവംബര്‍ മധ്യത്തോടെ കോവളത്ത് ആരംഭിക്കുന്ന ടൂറിസം സീസണില്‍ ഡിസംബര്‍ അവസാനമാകുന്നതോടെ വിദേശ വിനോദ സഞ്ചാരികളുടെകുത്തൊഴുക്കായിരുന്നു. ഇത്തവണ ക്രിസ്മസിന് ഒരു ദിവസവും പുതുവത്സരത്തിന് ദിവസങ്ങളും ബാക്കി നില്‍ക്കെ പ്രതീക്ഷിച്ച പോലെ വിദേശ വിനോദ സഞ്ചാരികളെത്താത്തതാണ് കോവളം ടൂറിസം മേഖലയെ ആശങ്കയിലാക്കുന്നത്. വിദേശികളുടെ ഒറ്റപ്പെട്ട ആളനക്കമല്ലാതെ ആഘോഷത്തിന്റെ ഒരു പകിട്ടും കോവളത്തിനില്ല.
മുന്‍ വര്‍ഷങ്ങലിളില്‍ നോട്ട് നിരോധനമാണ് വിദേശ വിനോദ സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമാക്കിയതെങ്കില്‍ ഇത്തവണ വില്ലനായത് കേരളത്തെ വിറപ്പിച്ച നിപ്പ പനിയും തുടര്‍ന്നുണ്ടായ പ്രളയവുമാണ്. രണ്ടു വര്‍ഷം മുന്‍പ് പുതുവത്സരാഘോഷ രാവില്‍ കോവളം തീരത്തെ റെസ്റ്റാറന്റുകളില്‍ പലതും അടച്ചിട്ടിരുന്നതിന് സമാനമായ സാഹചര്യമാണ് ഇത്തവണ കോവളെത്തെന്നാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് തീരത്ത് മുഴച്ച് നില്ക്കുന്നത്. കടുത്ത മത്സരം നേരിടുന്ന ടൂറിസം രംഗത്ത് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നമുക്ക് കഴിയാത്തതും തിരിച്ചടിയാവുകയാണ്. യാത്രാനിരക്കിലുള്ള അമിത ചാര്‍ജ്ജും ശ്രീലങ്ക, ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് കൂടിയ ദൈനംദിന ജീവിത ചെലവുമാണ് സഞ്ചാരികളെ കേരളത്തില്‍ നിന്നകറ്റുന്നത്. വര്‍ഷാവര്‍ഷം ആറുമാസം മാത്രം നീണ്ടുനില്‍ക്കുന്ന ടൂറിസം സീസണെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് പേരാണ് കോവളം മേഖലയില്‍ മാത്രമുള്ളത്. ഇല്ലാത്ത പണം കടം വാങ്ങിയും വായ്പയെടുത്തും ഉള്ള ഹോട്ടലുകളും റെസ്റ്റോറന്റുകളും മോടിപിടപ്പിച്ചും വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന ഇവരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് വിനോദ സഞ്ചാര മേഖലയിലെ മാന്ദ്യം. അമ്പതും നൂറും റൂമുകള്‍ ഉള്ള ഹോട്ടലുകളില്‍ പത്ത് റൂമുകളിലേക്കുള്ള സഞ്ചാരികള്‍ പോലും
ഇല്ലത്ത അവസ്ഥയാണെന്ന് കോവളത്തെ പ്രമുഖ ഹോട്ടലുകാര്‍ പോലും പറയുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടായില്ലെങ്കില്‍ കോവളത്തെ ടൂറിസം മേഖലക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും.
വിനോദ സഞ്ചാരമേഖലയെയും അതിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് ആളുകളെയും രക്ഷിക്കാന്‍ സമഗ്രമായ ടൂറിസം പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."