യൂത്ത് ലീഗ് യുവജനയാത്ര: സാക്ഷ്യംവഹിച്ച് പതിനായിരങ്ങള്‍; ആവേശത്തിരയില്‍ സമാപനം
തിരുവനന്തപുരം : തലസ്ഥാന നഗരത്തെ ആവേശത്തിരയിലാഴ്ത്തി യൂത്ത് ലീഗ് യുവജനയാത്രയുടെ സമാപനം. സമാപന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ വിവിധ ജില്ലകളില്‍ നിന്നായി പതിനായിരങ്ങളാണ് എത്തിയത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ മ്യൂസിയത്തിന് മുന്നില്‍ നിന്നാണ് സമാപന സമ്മേളനത്തിന് മുന്നോടിയായുള്ള വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ പരേഡ് തുടങ്ങിയത്. 15000 വൈറ്റ് ഗാര്‍ഡ് അംഗങ്ങളാണ് പരേഡില്‍ പങ്കെടുത്തത്. ഇവര്‍ക്ക് മുന്നിലായി യുവജനയാത്രയിലെ സ്ഥിരാംഗങ്ങളും റാലിയായി സമാപന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങി.
സെന്‍ട്രല്‍ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ നിറഞ്ഞു കവിഞ്ഞു. വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കായി പ്രത്യേകം ഇരിപ്പിടങ്ങള്‍ തയാറാക്കിയിരുന്നു.
മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ദേശീയ, സംസ്ഥാന നേതാക്കള്‍ കൈകോര്‍ത്തു പിടിച്ച് സദസിനെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സമാപന സമ്മേളനം തുടങ്ങിയത്.ചില യാഥാര്‍ത്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു യുവജനയാത്രയുടെ ലക്ഷ്യമെന്ന് യാത്രയുടെ കാപ്റ്റനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം തുറന്ന് കാണിക്കുകായിരുന്നു ലക്ഷ്യം. മതില്‍ നിര്‍മാണമല്ല പ്രളയാനന്തര പുനര്‍നിര്‍മാണമാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ പ്രളയത്തില്‍ വീട് നഷ്ട്‌പ്പെട്ട വീട്ടമ്മക്ക് യുവജനയാത്രയുടെ ഭാഗമായി വീട് വച്ചുകൊടുക്കുമെന്നും തങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റെടുത്ത രാഷ്ട്രീയ, നിയമ പോരാട്ടങ്ങള്‍ തുടരുമെന്ന സ്വാഗതം പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ദേശീയ തലത്തില്‍ ബി.ജെ.പി എങ്ങനെയാണോ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അതുപോലെയാണ് കേരളത്തിലെ ഇടത് സര്‍ക്കാരും ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു. കേരളത്തിലും കേന്ദ്രത്തിലും ഭരണമാറ്റം ഉണ്ടാകുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാത്രി പത്തുമണിയോടെയാണ് സമാപന സമ്മേളനം അവസാനിച്ചത്.സമാപന സമ്മേളനം അവസാനത്തോടടുത്തപ്പോഴാണ് വൈകിട്ട് മ്യൂസിയത്തില്‍ നിന്ന് തുടങ്ങിയ വൈറ്റ് ഗാര്‍ഡ് പരേഡ് പൂര്‍ണമായും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."