ലങ്ക തിരിച്ചടിക്കുന്നു മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് 329 റണ്‍സെടുത്തു
കാന്‍ഡി: ഇന്ത്യക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക തിരിച്ചടിക്കുന്നു. മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കുന്നതില്‍ മധ്യനിര പരാജയപ്പെട്ടതോടെ ആദ്യ സെഷനില്‍ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്താന്‍ കഴിയാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി മാറി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെന്ന നിലയിലാണ്.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ ശിഖര്‍ ധവാന് സെഞ്ച്വറിയും കെ.എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറിയും നേടി മിന്നും തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒപണിങ് വിക്കറ്റില്‍ 188 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കക്കെതിരേ വിദേശത്ത് ഇന്ത്യന്‍ ഓപണര്‍മാര്‍ നേടുന്ന മികച്ച കൂട്ടുകെട്ടുകൂടിയാണിത്. ധവാന് പരമ്പരയിലെ രണ്ടാം സെഞ്ച്വറി കുറിച്ചപ്പോള്‍ തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് അര്‍ധ ശതകം പിന്നിട്ട രാഹുലിന് ഇത്തവണയും അത് സെഞ്ച്വറിയിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. ധവാന് 119 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രാഹുല്‍ 85 റണ്‍സാണ് കണ്ടെത്തിയത്. ഇരുവരും പുറത്തായതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങി. പിന്നീടെത്തിയ പൂജാര എട്ട് റണ്‍സിലും കോഹ്ലി 42 റണ്‍സിലും രഹാനെ 17 റണ്‍സിലും അശ്വിന് 13 റണ്‍സിലും കൂടാരം കയറി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 13 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ഒരു റണ്ണുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.
ലങ്കക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ പുഷ്പകുമാരയുടെ ബൗളിങാണ് ഇന്ത്യന്‍ മുന്നേറ്റം തടഞ്ഞത്. സന്‍ഡകന്‍ രണ്ടും ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."