തെങ്ങുകള്‍ക്ക് ചെന്നീരൊലിപ്പ് പടരുന്നു; കേരകര്‍ഷകര്‍ ആശങ്കയില്‍
അന്തിക്കാട്: മേഖലയില്‍ ചെന്നീരൊലിപ്പ് രോഗം പടരുന്നത് കേരകര്‍ഷകരെ ആശങ്കയിലാക്കുന്നു. അന്തിക്കാട്, പെരിങ്ങോട്ടുകര, മുറ്റിച്ചൂര്‍, ചാഴൂര്‍, പടിയം ഭാഗങ്ങളിലെ നൂറുകണക്കിന് തെങ്ങുകള്‍ക്ക് ചെന്നീരൊലിപ്പ് വ്യാപകമായതായി കൃഷി വിദഗ്ധര്‍ കണ്ടെത്തി.
തെങ്ങിന്റെ തടിയിലുണ്ടാകുന്ന വിള്ളലുകളിലൂടെ ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തിലുള്ള കറ ഒലിച്ചിറങ്ങുന്നതാണ് രോഗലക്ഷണം. തെങ്ങിന്റെ കടഭാഗത്താണ് ആദ്യം ഇത് പ്രത്യക്ഷപ്പെടുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതോടെ കറയൊലിക്കല്‍ വ്യാപകമാകും. ക്രമേണ തെങ്ങിന്റെ ഉള്‍ഭാഗം ചീയുകയും ഓലകള്‍ക്ക് വലുപ്പം കുറയുകയും ചെയ്യുന്നു.
ഓലകളുടെ എണ്ണവും നന്നേ കുറയും. മാസങ്ങള്‍ക്കു മുന്‍പ് ഇവിടങ്ങളിലെ തെങ്ങുകള്‍ പരിശോധിക്കാന്‍ കൃഷി വകുപ്പ് ഉദ്യോസ്ഥര്‍ എത്തിയെങ്കിലും പിന്നിട് നടപടികളൊന്നും ഉണ്ടായില്ല.
വിലത്തകര്‍ച്ചയില്‍ നടുവൊടിഞ്ഞ കേരകര്‍ഷകര്‍ക്ക് തെങ്ങുകളിലെ മാരകരോഗങ്ങള്‍ ഇരുട്ടടിയായി. അന്തിക്കാട്, മുറ്റിച്ചൂര്‍, പെരിങ്ങോട്ടുകര ഭാഗങ്ങളില്‍ രോഗബാധ ഗുരുതരമാണ്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതിരോധ നടപടികള്‍ ഇഴയുകയാണെന്ന് കേരകര്‍ഷകര്‍ കുറ്റപ്പെടുത്തി. മണ്ഡരിക്ക് ശേഷം കര്‍ഷകര്‍ക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്ന രോഗമാണ് ചെന്നീരൊലിപ്പ്. രോഗം വ്യാപിക്കുന്നത് തടയാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കേരകര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."