ബാള്‍ട്ടിമോര്‍: പൊലിസ് നടത്തിയത് വംശീയ ആക്രമണമെന്ന് യു.എസ്
വാഷിങ്ടണ്‍: ബാള്‍ട്ടിമോറില്‍ പൊലിസ് കറുത്ത വര്‍ഗക്കാരനെ വധിച്ച സംഭവത്തില്‍ പൊലിസ് വംശീയ ആക്രമണമാണ് നടത്തിയതെന്ന് യു.എസ് നീതിന്യായ വകുപ്പ്. കറുത്തവര്ഗക്കാരന് ഫ്രെഡിഗ്രേ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ കലാപത്തെ നേരിടാന്‍ പൊലിസ് അനാവശ്യമായി സേനാവിന്യാസം നടത്തിയിരുന്നു.
ആഫ്രിക്കന്‍ വംശജനായ യുവാവിനെ പൊലിസ് വംശീയതയുടെ പേരില്‍ ലക്ഷ്യംവയ്ക്കുകയായിരുന്നുവെന്നാണ് യു.എസ് നീതിന്യായ വകുപ്പിന്റെ കണ്ടെത്തല്‍. വായില്‍ തോക്കുതിരുകി കറുത്തവര്‍ഗക്കാരെ പൊലിസ് പീഡിപ്പിച്ചു, വ്യാപകമായി റെയ്ഡ് നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിക്കാഗോ, ക്ലെവ്ലാന്റ്, അല്ബുഖെര്ഖ്, ഫെര്‍ഗുസോണ്‍, മിസോറി എന്നിവിടങ്ങളിലും കറുത്തവര്‍ഗക്കാര്‍ക്കു നേരെ പൊലിസ് അതിക്രമമുണ്ടായിരുന്നത് നീതിന്യായ വകുപ്പ് അന്വേഷിക്കുന്നുണ്ട്.
ബാള്‍ട്ടിമോര്‍ പൊലിസിന്റെ നടപടി നീതികരിക്കാനാകില്ലെന്ന് സിവില്‍ റൈറ്റ്സ് ഡിവിഷന് മേധാവി വനിതാ ഗുപ്ത പറഞ്ഞു. പൊലിസും സമൂഹവും തമ്മിലുള്ള വിശ്വാസമാണ് ഈ സംഭവത്തിലൂടെ ബാള്‍ട്ടിമോര്‍ പൊലിസ് നഷ്ടമാക്കിയതെന്നും അവര്‍ പറഞ്ഞു. കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ഭരണഘടനയും ഫെഡറല്‍ നിയമത്തിലെ വിവേചന വിരുദ്ധനിയമവും പൊലിസ് ഓഫിസര്‍മാര്‍ ലംഘിച്ചതായും ഭരണഘടനാ ലംഘനമായ അറസ്റ്റ്, റെയ്ഡ്, നിയമദുരുപയോഗം എന്നിവ നീതികരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."