ഈവനിങ് ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയില്ല; കാത്തിരുന്ന് വലഞ്ഞ് രോഗികള്‍
കൊപ്പം: കൊപ്പം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം പരിശോധനയ്ക്ക് ഡോക്ടര്‍ എത്താത്തത് രോഗികളായ വയോധികരെയും കുട്ടികളെയും പ്രയാസത്തിലാക്കി. ഈസമയം മുപ്പതോളം രോഗികള്‍ക്ക് ടോക്കണ്‍ നല്‍കുകയും ഡോക്ടറെയും പ്രതീക്ഷിച്ച് ഉച്ചക്ക് 2:30 വരെ രോഗികള്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. സാധാരണയായി രാവിലെ മുതല്‍ വൈകീട്ട് ആറ് മണി വരെ കൊപ്പം ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. പൊതു അവധി ദിനങ്ങളിലും അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് അവധി ഉണ്ടെങ്കിലും മുന്നറിയിപ്പ് നോട്ടിസുകള്‍ പതിക്കുന്നത് സാധാരണമാണ്.
എന്നാല്‍ ഇന്നലെ അങ്ങനെ ഒരു അറിയിപ്പ് രോഗികള്‍ക്ക് ആശുപത്രി ജീവനക്കാര്‍ നല്‍കുകയോ ഡോക്ടര്‍ ഇല്ലാത്ത വിവരം അറിയിക്കുകയോ ചെയ്തില്ല എന്ന പരാതിയും രോഗികളുണ്ട്. കൊപ്പം പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള ഓഫിസര്‍ പ്രതിയുമായി പരിശോധനയ്ക്ക് എത്തിയ അവസരത്തിലാണ് ആശുപത്രി ജീവനക്കാര്‍ ഡോക്ടര്‍ പരിശോധനക്ക് വരാത്ത കാര്യം പുറത്തു പറയുന്നത്. അത്രയും നേരം രോഗികള്‍ ആശുപത്രി കോംപൗണ്ടില്‍ ഡോക്ടറേയും പ്രതീക്ഷിച്ച് കാത്തിരുന്നിരുന്നു. ഡോക്ടര്‍ ഈവനിങ് ഡ്യൂട്ടിയില്‍ പരിശോധനയ്ക്ക് വരില്ല എന്ന വസ്തുത ആശുപത്രിയിലെ ജീവനക്കാര്‍ രോഗികളില്‍നിന്ന് മറച്ചുവച്ചത് പ്രതിഷേധത്തിന് ഇടയാക്കി.
ഡോക്ടര്‍ പരിശോധനയ്ക്ക് ഇല്ലാത്ത വിവരം നോട്ടിസ് ബോര്‍ഡില്‍ അറിയിക്കണമെന്ന് വ്യവസ്ഥയും ഇവിടെ പാലിക്കപ്പെട്ടില്ല. അതേസമയം ചാര്‍ജുള്ള ഡോക്ടര്‍ അവധി പറഞ്ഞില്ലായിരുന്നുവെന്നും അടിയന്തിര സാഹചര്യത്താലാണ് ലീവായതെന്നും മനപ്പൂര്‍വം സംഭവിച്ചതല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."