കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സഹനസമരം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല
കല്‍പ്പറ്റ: നീതിതേടി കാഞ്ഞിരത്തിനാല്‍ ജെയിംസും കുടുംബവും കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസസമരം ഈമാസം 15ന് രണ്ടുവര്‍ഷം തികയും. രോഗിയായ കുടുംബ നാഥനും ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളും ജില്ലാ ഭരണകൂടത്തിന്റെ മൂക്കിനുതാഴെ സമരം തുടരുമ്പോഴും രണ്ടു വര്‍ഷമായി ഇവര്‍ക്കനുകൂലമായ തീരുമാനങ്ങളൊന്നുമായിട്ടില്ല.
ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമായി തുടരുമെന്ന് കാഞ്ഞിരത്തിനാല്‍ സമര സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരം രണ്ടുവര്‍ഷം തികയുന്ന ദിവസം കലക്ടറേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം നടത്തുമെന്ന് സമരസമിതി ഭാരവാഹികളായ ജോസഫ് വളവനാല്‍, പി.പി ഷൈജല്‍ എന്നിവരാണ് അറിയിച്ചത്.
14ന് ഉച്ചക്ക് 12ന് തുടങ്ങുന്ന രാപ്പകല്‍ സമരം 15ന് ഉച്ചക്ക് 12 മണിയോടെ സമാപിക്കും. സമാപന ചടങ്ങില്‍ മുന്‍കേന്ദ്രമന്ത്രി പി.സി തോമസ് പങ്കെടുക്കും. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടല്ല സമരത്തിന് നേരെയുള്ളത്. കാഞ്ഞിരത്തിനാല്‍ ജെയിംസും കുടുംബവും എങ്ങനെ ജീവിച്ചുപോകുന്നുവെന്നും കുട്ടികളുടെ പഠനം ഏതുവിധം മുന്നോട്ടുപോകുന്നുവെന്നും ജില്ലയിലെ എം.പിയും എം.എല്‍.എമാരും ജില്ലാ ഭരണകൂടവും അടക്കമുള്ളവര്‍ അന്വേഷിക്കുക പോലും ചെയ്യുന്നില്ല.
കഴിഞ്ഞ ദിവസം വനംവകുപ്പിലെ ജീവനക്കാരുടെ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തത് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവായിരുന്നു. എന്നാല്‍ അദ്ദേഹം സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കുന്നതിന് തൊട്ടുമുന്‍പ് കാഞ്ഞിരത്തിനാല്‍ ജെയിംസിനെ വന്നുകാണുകയും തെരഞ്ഞെടുപ്പില്‍ ഈ കുടുംബത്തിന്റെ ദുരവസ്ഥ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തശേഷം സംസാരിക്കാനോ ആശ്വസിപ്പിക്കാനോ താല്‍പര്യം കാട്ടാത്തത് മനുഷ്യത്വരഹിതമായ നിലപാടാണ്.
ഉദ്യോഗസ്ഥ മേധാവിത്വത്തിന് പിന്തുണ കൊടുക്കുന്ന നിലപാടാണ് ഭരണകൂടത്തിന്റേതെന്നും കോടതിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."