മംഗലം-ഗോവിന്ദാപുരം പാതയില്‍ തട്ടിക്കൂട്ട് ഓട്ടയടക്കല്‍: മെറ്റലുകള്‍ വീണ്ടും ഇളകി
ആലത്തൂര്‍: മംഗലം-ഗോവിന്ദാപുരം പാതയില്‍ കഴിഞ്ഞദിവസം തട്ടിക്കൂട്ട് കുഴികളടച്ച് വഴിപാട് തീര്‍ത്തു. പിന്നാലെ വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ അടച്ച കുഴിയിലെ ചെറു മെറ്റലുകള്‍ അടര്ന്നുപോകുവാനും തുടങ്ങി. ചിറ്റില്ലഞ്ചേരി ജങ്ഷന് മുതല്‍ മംഗലം പാലം വരെയുള്ള ഭാഗങ്ങളിലെ കുഴികളാണ് കഴിഞ്ഞ ദിവസം അടച്ചു തുടങ്ങിയത്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പാതയുടെ മിക്ക ഭാഗങ്ങളിലും തകര്‍ന്ന് വലിയ കുഴികളായിരുന്നു. ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നതും പതിവായിരുന്നു. പാതയുടെ നെന്മാറ എന്‍.എസ്.എസ് മുതല്‍ ഗോവിന്ദാപുരം വരെയുള്ള ചിറ്റൂര്‍ ഡിവിഷന്റെ ഭാഗങ്ങളില്‍ രണ്ടു മാസം മുമ്പ് തന്നെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. കനത്ത മഴയില്‍ തകര്‍ന്ന ഭാഗങ്ങള്‍ കൂടുതല്‍ തകര്‍ന്നുവെങ്കിലും ആലത്തൂര്‍ ഡിവിഷന്റെ കീഴിലുള്ള ഭാഗംനന്നാക്കിയില്ല.
കഴിഞ്ഞ ദിവസമാണ് ഈ ഭാഗത്ത് കുഴികള്‍ അടച്ചുതുടങ്ങിയത്. മെറ്റലും, ടാറും ശരിയായി ചേരാത്തതിനാല്‍ വാഹനങ്ങള്‍ ഓടിതുടങ്ങിയതോടെ ചെറു മെറ്റലുകള്‍ ഇളകിപോവുകയും ചെയ്തു. ചില ഭാഗങ്ങളില്‍ കുഴികളടച്ചത് നിലവിലെ പാതയേക്കാളും ഉയരക്കൂടുതലായതും വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായിട്ടുണ്ട്.എന്നാല്‍ കൂടുതല്‍ തകര്‍ന്ന നീലിച്ചിറ വളവിലെയും, കടമ്പിടി ഭാഗത്തേയും കുഴികള്‍ ഇനിയും അടച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."