വിവരാവകാശ കമ്മിഷന്‍ ഉത്തരവ് നടപ്പാക്കിയില്ലെന്നതിന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കിയില്ലെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരേ അഡ്വ. ഡി. ബിനു നല്‍കിയ അപ്പീലില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പത്തു ദിവസത്തിനുള്ളില്‍ നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 2016 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 12 വരെയുള്ള കാലയളവിലെ മന്ത്രിസഭാ തീരുമാനങ്ങളാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ പല വിഷയങ്ങളിലും അന്തിമ തീരുമാനമായിട്ടില്ലെന്നും തീരുമാനമെടുത്ത് നടപടി പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് വിവരാവകാശ നിയമത്തിലുള്ളതെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഏപ്രില്‍ ഒന്നിന് മറുപടി നല്‍കി. മന്ത്രി സഭായോഗ തീരുമാനങ്ങള്‍ ഫയലുകളില്‍ രേഖപ്പെടുത്തി അതത് വകുപ്പുകള്‍ക്ക് തന്നെ മടക്കിക്കൊടുക്കുന്നതിനാല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെയാണ് സമീപിക്കേണ്ടതെന്നും മറുപടിയില്‍ പറഞ്ഞിരുന്നു. ഇതിനെതിരേ ഏപ്രില്‍ 16ന് ഹരജിക്കാരന്‍ അപ്പീല്‍ നല്‍കി.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങുന്നതിനു മുമ്പ് വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്നും യോഗ തീരുമാനങ്ങളില്‍ എന്തു നടപടിയുണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലില്‍ ലഭ്യമല്ലെന്നുമാണ് സര്‍ക്കാര്‍ വീണ്ടും മറുപടി നല്‍കിയത്. സര്‍ക്കാര്‍ വിശദീകരണം തള്ളിയ വിവരാവകാശ കമ്മിഷണര്‍ പരാതിക്കാന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടെന്നും ഇതു നിയമ വിരുദ്ധമാണെന്നും സര്‍ക്കാരിന്റെ ഹരജിയില്‍ പറയുന്നു. ഹരജി പിന്നീട് വിശദമായി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."