ജലോത്സവ പ്രേമികളുടെ ക്ഷമയെ പരീക്ഷിച്ച് സംഘാടനം
ആലപ്പുഴ: കുതിച്ച് പായുന്ന ചുണ്ടന് വള്ളങ്ങളുടെ വേഗതക്കൊപ്പം ആര്‍പ്പ് വിളിക്കുന്ന വള്ളംകളിപ്രേമികളാണ് നെഹ്റുട്രോഫിയെ നിലനിര്‍ത്തുന്നത്.
എന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ സന്തോഷത്തോടെ എത്തിയ കാണികളെ നിരാശരാക്കി 65- ാമത് നെഹ്റു ട്രോഫി വള്ളം കളി.
ഉദ്ഘാടനം മുതല്‍ ഫിനിഷിംഗ് വരെ സമയ ക്രമം തെറ്റിച്ചതും ജലോത്സവ പ്രേമികളെ അക്ഷമരാക്കി.
രാവിലെ മുതല്‍ ആവേശത്തോടെ പുന്നമടയിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് ജലോത്സവ പ്രേമികളുടെ ക്ഷമയെ പരീക്ഷിച്ചാണ് മത്സരം അവസാനിച്ചത്.
സംഘാടനത്തിലെ പിഴവും തുടക്കം മുതല്‍ കാണാനായി. കൂടാതെ തുഴച്ചില്‍കാരുടെ ധാര്‍ഷ്ഠ്യവും കൂടിച്ചേര്‍ന്നതോടെ മത്സരം സന്ധ്യവരെ നീളാന്‍ കാരണമായി.
പലവള്ളങ്ങളും അധികൃതരുടെ നിര്‍ദേശങ്ങളും നിബന്ധനകളും കാറ്റില്‍ പറത്തിയാണ് മത്സരിച്ചത്.
ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്സിലെ മല്‍സരം നാലു തവണ മുടങ്ങിയിരുന്നു.ഇത് കാണികളുടെ കൂക്കിവിളികള്‍ക്ക് വരെ കാരണമായി.
യന്ത്രവത്കൃത സ്റ്റാര്‍ട്ടിങ് സംവിധാനവും പാളിയത് കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. മത്സരം സമയത്തെ അടിസ്ഥാനമാക്കിയാണ് നടത്തിയത്.കൂടാതെ ഫിനിഷ് ചെയ്യുന്ന സമയം അറിയാന്‍ അത്യാധുനിക ഡിജിറ്റല്‍ ഡിസ്പ്ലേ സംവിധാനവും സജ്ജീകരിച്ചിരുന്നു.
എന്നാല്‍ സമയക്രമം തെറ്റിച്ച് ഇഴഞ്ഞു നീങ്ങിയ മത്സരം കാണികള്‍ക്ക് നിരാശ സമ്മാനിച്ചു. ഏതായാലും വരുംവര്‍ഷങ്ങളില്‍ നെഹ്റുട്രോഫിയുടെ നടത്തിപ്പിലും സംഘാടന രീതിയിലും പൊളിച്ചെഴുത്ത് നടത്തിയില്ലെങ്കില്‍ ഓളപ്പരപ്പിലെ ഒളിമ്പ്കിസിനെ കാണികള്‍ കൈവിടുമെന്നതില്‍ തര്‍ക്കമില്ല.
മത്സരം വെകിയതിനെ ചൊല്ലി വ്യാപക പ്രതിഷേധമാണ് കാണികളില്‍ നിന്നുയര്‍ന്നത്. മൊബൈല്‍ ടോര്‍ച്ച് തെളിച്ചും കൂകിവിളിച്ചുമാണ് വള്ളംകളി പ്രേമികള്‍ പ്രതിഷേധം തീര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."