സ്റ്റാര്‍ട്ടിങില്‍ പിഴവ്; മണിക്കൂറുകള്‍ മത്സരം നിര്‍ത്തിവച്ചു
ആലപ്പുഴ : നെഹ്‌റു ട്രോഫി ജലമേളയില്‍ സംഘാടനത്തില്‍ വീണ്ടും പാളിച്ച. പതിവുപോലെ സ്റ്റാര്‍ട്ടിങ് പിഴവ് ആവര്‍ത്തിച്ചു. ഇതോടെ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍ വൈകിയാണ് ആരംഭിച്ചത്. ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞാണ് മല്‍സരങ്ങള്‍ തുടങ്ങാന്‍ സാധിച്ചത്.
എല്ലം ഭദ്രമെന്നു പറഞ്ഞ ജലസേചന വകുപ്പിന്റെ വാക്കുകള്‍ തെറ്റിച്ചാണ് സ്റ്റാര്‍ട്ടിംഗ് പിഴവ് ആവര്‍ത്തിച്ചത്. ബോട്ടുക്ലബ്ബുകള്‍ ഇറിഗേഷന്‍ വകുപ്പിനെ പഴിച്ചാണ് മത്സരവേദിയില്‍നിന്നും പിരിഞ്ഞത്. അക്ഷരാര്‍ത്ഥത്തില്‍ അറുപത്താഞ്ചാമത് നെഹ്‌റുട്രോഫി ജലമേളയുടെ ശോഭ കെടുത്തിയത് സ്റ്റാര്‍ട്ടിങ് സംവിധാനമാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.15 ലക്ഷം മുടക്കി സ്വകാര്യ ഏജന്‍സി പുതിയതായി കൊണ്ടുവന്ന സ്റ്റാര്‍ട്ടിങ് സിസ്റ്റമാണ് നെഹ്രുട്രോഫി വളളംകളിക്ക് അപമാനമായത്.
ഇക്കുറി ഫൈനല്‍ മല്‍സരങ്ങള്‍ ഇരുട്ടില്‍ തപ്പിയാണ് നടത്തിയതെന്ന് പറയാം. മല്‍സരത്തിന്റെ ആദ്യപാദങ്ങള്‍ മാത്രമാണ് കൃത്യമായി നടന്നത്. മൂന്നാം ഹീറ്റ്‌സ് ആരംഭിക്കാന്‍ കഴിയാതെ സംഘാടകര്‍ അങ്കലാപ്പിലായി. പിന്നീട് വൈകി മല്‍സരങ്ങള്‍ തുടര്‍ന്നെങ്കിലും അഞ്ചാം ഹീറ്റ്‌സ് മത്സരത്തിന്റെ സ്റ്റാര്‍ട്ടിംഗും വൈകിയതോടെ കാര്യങ്ങള്‍ കൈവിട്ടു.പിന്നീട് ധനമന്ത്രിയും ജില്ലാകളക്ടറും എ ഡി എമ്മും തുഴച്ചില്‍ക്കാരെ നേരിട്ട് കണ്ടെങ്കിലും പ്രതിഷേധത്തിന് ശമനം ഉണ്ടായില്ല. ഇതിനിടെ ചുണ്ടന്‍വളളം കായലിന് കുറുകെ ഇട്ടും തുഴച്ചില്‍ക്കാര്‍ പ്രതിഷേധം അറിയിക്കുന്നുണ്ടായിരുന്നു. അതേസമയം വളളംകളിയുടെ പതിവ് വീഴ്ച്ചകള്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റാര്‍ട്ടിംഗ് സംവിധാനത്തില്‍ കരുതല്‍ വേണമെന്ന് പ്രത്യേകം അറിയിച്ചിരുന്നു.
കലക്ടറും പൊതുമരാമത്ത് മേധാവിയും അടക്കമുളളവര്‍ ഇക്കുറി വീഴ്ച്ച ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വന്‍വീഴ്ച്ചയായി. ജലമേളയുടെ മുന്നൊരുക്കങ്ങള്‍ തുടക്കത്തിലെ മന്ദഗതിയിലായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ടൂറിസം വകുപ്പ് നല്‍കിയ ഒരു കോടിയുടെ സഹായം എത്തിയതോടെയാണ് ജലമേളയ്ക്ക് ചൂടുപിടിച്ചത്. അന്തരാഷ്ട്ര മേളയെന്ന് ഊറ്റുക്കൊണ്ടെങ്കിലും വാക്കുകളില്‍മാത്രം ഒതുങ്ങി.
വ്യക്തമായ ഒരു സ്‌പോണ്‍സറെ കണ്ടെത്താന്‍ സംഘാടക സമിതിക്ക് കഴിഞ്ഞില്ല. ചുരുക്കത്തില്‍ സര്‍ക്കാര്‍ കനിഞ്ഞില്ലായിരുന്നെങ്കില്‍ ജലമേള തന്നെ അവതാളത്തിലാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."