അമയപ്രയിലെ യുവാവിന്റെ കൊലപാതകം; ആസൂത്രിതമെന്ന് പൊലിസ്
തൊടുപുഴ: ഉടുമ്പന്നൂരിലെ അമയപ്രയില്‍ യുവാവിനെ വീടിനകത്ത് കുത്തേറ്റ് മരിച്ച സംഭവം വ്യക്തമായ ആസൂത്രണമെന്ന് പൊലിസിനു സൂചന. മുന്‍ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ കരുതിക്കൂട്ടി കൊല ചെയ്യുകയായിരുന്നെന്ന നിഗമനത്തിലാണ് പൊലിസ്.
യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് കൊലയാളി കൃത്യം നിര്‍വഹിച്ചിരിക്കുന്നത്. തൊടുപുഴയ്ക്കു സമീപം ഉടുമ്പന്നൂര്‍ അമയപ്ര വള്ളിയാടിയില്‍ വാടകയ്ക്ക് താമസിച്ചുവന്ന തുരുത്തേല്‍ വിഷ്ണു(25)വാണ് കഴിഞ്ഞ ദിവസം ദുരൂഹസാചര്യത്തില്‍ മരിച്ചത്. പൊലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നെഞ്ചിന് താഴെ ഏറ്റിട്ടുള്ള ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് സ്ഥിരീകരണം.എന്നാല്‍ വിഷ്ണുവിനെ കുത്താനുപയോഗിച്ച ആയുധം കണ്ടെത്താനകാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.
വ്യാഴാഴ്ച്ച രാത്രിയിലാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന നിഗമനത്തില്‍ തന്നെയാണ് പൊലിസ് എത്തിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ചയോടെയേ ലഭ്യമാകൂ.
സുഹൃത്തുക്കളോടൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയില്‍ വാക്ക്തര്‍ക്കം ഉണ്ടായതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്ന സംശയവും പൊലിസ് തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. സ്ഥിരമായി വാതില്‍ അടക്കാതെ കിടന്നുറങ്ങുന്ന പ്രകൃതക്കാരനാണ് കൊല്ലപ്പെട്ട വിഷ്ണു.
പതിവ് പോലെ മദ്യപിച്ച് ഉറക്കത്തിലായിരുന്ന വിഷ്ണുവിനെ കൊലയാളി മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. കട്ടിലില്‍ കിടന്ന വിഷ്ണുവിന്റെ നെഞ്ചിനേറ്റ കുത്ത് ശരീരം തുളച്ച് മറുപുറം കടന്ന് കട്ടിലിന്റെ പ്ലൈവുഡിനും ദ്വാരം വീണിരുന്നു. കുത്തിയശേഷം കത്തി വലിച്ചൂരിയാണ് കൊലയാളി സ്ഥലത്ത് നിന്നും കടന്നത്. വീട്ടിലെ മറ്റൊരു സ്ഥലത്തും സ്പര്‍ശിക്കാത്തതിനാല്‍ വിരലടയാള വിദഗ്ദര്‍ക്ക് യാതൊരു തെളിവും ശേഖരിക്കാനായിരുന്നില്ല.
ഡോഗ് സ്‌ക്വാഡ് പരിശോധനക്കെത്തിയിരുന്നെങ്കിലും മഴ കാരണം നായക്ക് മണം പിടിക്കാന്‍ സാധിച്ചിരുന്നില്ല. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദരും പരിശോധന നടത്തിയെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. മുന്‍പ് നാട്ടിലുള്ള ചിലരുമായി പല സ്ഥലങ്ങളില്‍ വെച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. ലഹരിസംഘവുമായി വിഷ്ണുവിന് ഉണ്ടായിരുന്ന ബന്ധവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. എട്ട് മാസങ്ങള്‍ക്ക് മുമ്പ് വിഷ്ണുവിന്റെ ബൈക്ക് കോട്ടക്കവലയില്‍ വച്ച് ഒരു സംഘം കത്തിച്ചിരുന്നു. കൊലപാതകവും ഈ സംഭവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കേസന്വേഷണ ചുമതലയുള്ള തൊടുപുഴ ഡിവൈഎസ്പി എന്‍. എന്‍. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സമീപവാസികളെയും വിഷ്ണുവിന്റെ സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ അന്വേഷണത്തെ സഹായിക്കുന്ന തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിഷ്ണുവിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
അതേസമയം പൊലിസ് ആദ്യം കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ രണ്ട് സുഹൃത്തുക്കളെ വിട്ടയച്ചിട്ടില്ല. തെളിവുകള്‍ നശിപ്പിച്ചുള്ള ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിഷ്ണുവിന്റെ മൃതദേഹം ഇന്നലെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."