ഹജ്ജ് ക്യാംപ്: ആതിഥേയ നൈപുണ്യവുമായി നെടുമ്പാശ്ശേരി
നെടുമ്പാശ്ശേരി: പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഹജ്ജ് ക്യാംപിന് തുടര്‍ച്ചയായ മൂന്നാം തവണയും നെടുമ്പാശ്ശേരിയില്‍ തുടക്കംകുറിച്ചപ്പോള്‍ ആതിഥേയ മഹത്വം വിളിച്ചോതുന്നതായി. ഉദ്ഘാടന ദിനത്തില്‍ തന്നെ യാത്രക്കായെത്തിയ നൂറുകണക്കിന് പേരെ സന്ദര്‍ശകരും സന്നദ്ധ പ്രവര്‍ത്തകരും വളണ്ടിയര്‍മാരും അടക്കം വന്‍ ജനാവലിയാണ് സ്വീകരിക്കാനെത്തിയത്. തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രദേശവാസികളുടെ നിസീമമായ സഹകരണം നെടുമ്പാശ്ശേരിയുടെ ആതിഥേയ നൈപുണ്യം മാതൃകയായി. തീര്‍ഥാടകരോട് പ്രാര്‍ഥനയ്ക്ക് വസിയത്ത് ചെയ്യാനും നിരവധി പേര്‍ ക്യാംപിലെത്തി.
ആദ്യ ദിവസത്തെ ഹാജിമാര്‍ ഇന്നലെ രാവിലെ 11 മണിക്ക് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദ്ദേശം എന്നാല്‍ ഇന്നലെ രാവിലെ 8 മണി മുതല്‍ തന്നെ തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി.
കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഷാഹുല്‍ ഹമീദും ഭാര്യ സമീറയുമാണ് ക്യാംപിലെത്തിയ ആദ്യ തീര്‍ഥാടകര്‍. വിമാനത്താവളത്തോട് ചേര്‍ന്ന എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സ് ഹാങ്കറിലാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ക്യാംപ് ഒരുക്കിയിട്ടുള്ളത്. ട്രെയിന്‍ മാര്‍ഗ്ഗം എത്തിയ തീര്‍ഥാടകരെ ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പ്രത്യേക വാഹനങ്ങളില്‍ വളണ്ടിയര്‍മാര്‍ ക്യാംപില്‍ എത്തിച്ചു.
ഇതിനായി 150 ഓളം വളണ്ടിയര്‍മാരാണ് റെയില്‍വെ സ്റ്റേഷനില്‍ സേവനമനുഷ്ടിക്കുന്നത്. ക്യാംപിലെത്തിയ തീര്‍ഥാടകരെ രജിസ്‌ട്രേഷന് ശേഷം വളണ്ടിയര്‍മാര്‍ സഊദി എയര്‍ലൈന്‍സിന്റെ കൗണ്ടറില്‍ എത്തിച്ച് ലഗേജുകള്‍ കൈമാറും. തുടര്‍ന്ന് വിസ, പാസ്‌പോര്‍ട്ട് തുടങ്ങിയ യാത്രാരേഖകള്‍ നല്‍കിയ ശേഷം ഹാജിമാരെ താമസ സ്ഥലത്ത് എത്തിക്കും. യാത്ര പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പാണ് ഹാജിമാരെ വിമാനത്താവളത്തിലേക്ക് കൊണ്ടു പോകുന്നത്. സിയാലിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടി 3 യില്‍ നിന്നാണ് ഹാജിമാരുടെ യാത്ര. നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ ജിദ്ദ വിമാനത്താവളത്തിലാണ് ഇറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."