വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതിക്ക് 25 വര്‍ഷവും രണ്ടാം പ്രതിക്ക് 20 വര്‍ഷവും കഠിന തടവ്
കാസര്‍കോട്: സ്കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിനതടവും 1.25 ലക്ഷം പിഴയും രണ്ടാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയാണ് കോടതി വിധിച്ചത്. ഓട്ടോ ഡ്രൈവര്‍ ബദിയടുക്ക ബാറടുക്കയിലെ എ ഇബ്രാഹിം ഖലീല്‍ (30), ഇയാളുടെ സുഹൃത്ത് ബീജന്തടുക്കയിലെ ബി.എ.ഖാലിദ് (30) എന്നിവര്‍ക്കാണ് കാസര്‍കോട് അഡി. സെഷന്‍സ് (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാര്‍ ശിക്ഷ വിധിച്ചത്. ബലാത്സംഗക്കേസില്‍ പുതിയ നിയമം വന്നതിന് ശേഷം കേരളത്തിലെ ആദ്യത്തെ ശിക്ഷാ വിധിയാണിത്.
2013 ജൂലൈ 15ന് രാവിലെ 8.30 ഓടി സ്കൂളിലേക്ക് പോവുകയായിരുന്ന 16 കാരി പെണ്‍കുട്ടിയെ പ്രതി ഇബ്രാഹിം ഖലീല്‍ സ്കൂളില്‍ വിടാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോവുകയും തുടര്‍ന്ന് ബീജന്തടുക്കയിലെ ആളൊഴിഞ്ഞ വീട്ടില്‍ സുഹൃത്ത് ഖാലിദുമായി ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു.
കേസില്‍ 23 സാക്ഷികളില്‍ 13 സാക്ഷികളെയും രണ്ട് പ്രതിഭാഗം സാക്ഷികളെയുമാണ് കോടതി വിസ്തരിച്ചത്. രണ്ട് വകുപ്പുകളിലായി തട്ടിക്കൊണ്ടുപോകലിന് അഞ്ച് വര്‍ഷവും പീഡിപ്പിച്ചതിന് 20 വര്‍ഷവുമാണ് പ്രതികള്‍ക്കുള്ള ശിക്ഷ.
പ്രതികള്‍ പിഴയടച്ചാല്‍ പ്രസ്തുത തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഇതിനു പുറമെ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാരില്‍ നിന്നും സഹായം ലഭ്യമാക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാഘവന്, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."