ടെച്ചി ഡോറിയ ഇന്ത്യന്‍ ക്രിക്കറ്റിലെ ബോബ് മെര്‍ലി
ന്യൂഡല്‍ഹി: മുടി നീട്ടിവളര്‍ത്തി അത്‌ലറ്റിക് സ്ട്രീറ്റ് ഡാന്‍സും കളിച്ച് ബോബ് മെര്‍ലിയെ അനുസ്മരിപ്പിക്കുന്നൊരു ക്രിക്കറ്ററുണ്ട് ഇന്ത്യന്‍ കായിക ലോകത്ത്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ടെച്ചി ഡോറിയ എന്ന ക്രിക്കറ്ററാണ് ബോബ് മെര്‍ലി എന്ന വിളിപ്പേരുമായി ക്രിക്കറ്റ് ലോകത്തേക്ക് കടന്ന് വന്നിട്ടുള്ളത്. കുറച്ചു കാലം സാധാരണക്കാരനായൊരു ക്രിക്കറ്റ് താരമായിരുന്നു ഡോറിയ.
പെട്ടെന്നാണ് വലിയൊരു മാറ്റം താരത്തെ ബോബ് മെര്‍ലിയാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറി മുന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ലഹരി ഉപയോഗിച്ചെന്ന പരാതിയില്‍ ഡോറിയയെ ടീമില്‍ നിന്ന് പുറത്താക്കി. കൂടാതെ പലരും ബോബ് മെര്‍ലിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ അന്ന് ആദ്യമായി ബോബ് മെര്‍ലിയുടെ പേര് കേട്ട ഡോറിയ ബോബ് മെര്‍ലി ആരാണെന്ന് പഠിക്കാന്‍ തീരുമാനിച്ചു. ഗൂഗിളിലും മറ്റും സെര്‍ച്ച് ചെയ്ത് ബോബ് മെര്‍ലിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ഡോറിയ പിന്നീട് ശരിക്കും ബോബ് മെര്‍ലിയാകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി മുടി നീട്ടി വളര്‍ത്തി. 11-ാം വയസുമുതല്‍ ഡാന്‍സ് പഠിച്ചിട്ടുള്ള ടെച്ചി ഡോറിയക്ക് അതും ഒരു മുതല്‍കൂട്ടായി. മെര്‍ലിയുടെ പോലെ മുടിയും നീട്ടി ഡാന്‍സും കളിച്ച് യഥാര്‍ഥ ബോബ് മെര്‍ലിയെ പോലെയാവുകയായിരുന്നു. ഡോറിയ ഈ വര്‍ഷം അരുണാചല്‍ പ്രദേശിനായി രഞ്ജിയില്‍ അരങ്ങേറുകയും ചെയ്തു. ഓള്‍റൗണ്ടറായ താരം വിക്കറ്റ് ലഭിച്ചാലും മറ്റും ഡാന്‍സ് കളിച്ചാണ് ആഘോഷിക്കുന്നത്. 24 കാരനായ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 230 റണ്‍സും 13 വിക്കറ്റും നേടിയിട്ടുണ്ട്. പുതിയ സ്റ്റൈല്‍ സഹതാരങ്ങള്‍ക്കെല്ലാം ഇഷ്ടമാണെന്നും അവര്‍ക്ക് എന്റെ ഡാന്‍സ് വളരെ ഇഷ്ടമാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടെച്ചി ഡോറിയ പറഞ്ഞു. മത്സരത്തിനിടക്ക് അവര്‍ക്ക് വേണ്ടി ഡാന്‍സ് കളിക്കും. പ്രത്യേകിച്ച് മത്സരം ജയിച്ചാല്‍ മെര്‍ലിയെ അനുസ്മരിപ്പിക്കും വിധമുള്ള അത്‌ലറ്റിക്ക് സ്ട്രീറ്റ് ഡാന്‍സ് കളിക്കും ടെച്ചി ഡോറിയ പറഞ്ഞു. വിരാട് കോഹ്‌ലിയുടെ ആരാധകനായ ടെച്ചി ഡോറിയ കോഹ്‌ലിയെ കണ്ടാണ് ക്രിക്കറ്റിലേക്ക് കടന്നുവന്നത്. വീട്ടിലുള്ള സമയത്ത് പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കും. രാവിലെ ആറുവരെ പരിശീലനം. പിന്നീട് ഇറ്റാനഗറിലുള്ള ഒരു ടീമിനൊപ്പം ചേര്‍ന്ന് പ്രൊഫഷനല്‍ ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ പഠിച്ചുതുടങ്ങി. പിന്നീടായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള വരവെന്നും ഡോറിയ പറഞ്ഞു. ഡോറിയയെ റോള്‍ മോഡലാക്കി നിരവധി വിദ്യാര്‍ഥികളാണ് അരുണാചല്‍ പ്രദേശില്‍ നിന്ന് ക്രിക്കറ്റിലേക്ക് കടന്ന് വന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."