തുറന്ന ജയിലില്‍ ഇനി മുഖം മിനുക്കാം.. മുടി മുറിക്കാം
ചെറുവത്തൂര്‍: ജയില്‍ വളപ്പിലേക്ക് വരൂ..മുഖം മിനുക്കി, മുടി മുറിച്ചു സൗന്ദര്യം കൂട്ടി മടങ്ങാം. അതും എയര്‍ കണ്ടീഷന്‍ ചെയ്ത ബ്യൂട്ടിപാര്‍ലറില്‍ ഇരുന്ന്. ചീമേനി തുറന്ന ജയിലിലാണ് പുരുഷന്‍മാര്‍ക്കായുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ബ്യൂട്ടി പാര്‍ലര്‍ ഒരുങ്ങിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടക്കം കുറിച്ച ബ്യൂട്ടിപാര്‍ലര്‍ വിജയത്തിലെത്തിയതോടെയാണു ചീമേനിയിലെ തുറന്ന ജയിലിലും ഹൈടെക് ബ്യൂട്ടിപാര്‍ലര്‍ സ്ഥാപിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചത്.
ചീമേനി തുറവിലെ ജയില്‍ കവാടത്തിനു സമീപമുള്ള ലഘുഭക്ഷണശാലയ്ക്ക് അരികില്‍ തന്നെയാണു ബ്യൂട്ടിപാര്‍ലറും. പാതയോരത്ത് ആകര്‍ഷകമായ രീതിയില്‍ ഏഴു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ഒരുമാസത്തെ പരിശീലനം ലഭിച്ച എട്ടു അന്തേവാസികളാകും തൊഴിലാളികളായി ഉണ്ടാവുക. റുഡ്‌സെറ്റ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലായിരുന്നു പുതിയകാലത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങും വിധമുള്ള ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പിന് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.
ജയില്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി മാതൃകാപരമായ നിരവധി പദ്ധതികള്‍ ചീമേനി തുറന്ന ജയിലില്‍ നടപ്പാക്കിയിരുന്നു. ശിക്ഷ കാലാവധി കഴിഞ്ഞാല്‍ തൊഴിലെടുത്തു ജീവിക്കുന്നതിനായി വൈവിധ്യമാര്‍ന്ന തൊഴില്‍ പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്. ഇതിനിടയിലാണ് ബ്യൂട്ടി പാര്‍ലര്‍ എന്ന ആശയം രൂപപ്പെട്ടത്. തുറവ് പ്രദേശത്ത് ഇതിന്റെ സാധ്യതകള്‍ കൂടി കണ്ടറിഞ്ഞാണ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് പാര്‍ലര്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. മാസങ്ങള്‍ക്കു മുമ്പു തുറന്ന ലഘുഭക്ഷണ ശാലയില്‍ നല്ല തിരക്കാണ്.
ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ കെട്ടിടം നിര്‍മിച്ചതും ജയില്‍ അന്തേവാസികളുടെ കൂട്ടായ്മയിലൂടെയാണ്. സെപ്റ്റംബറോടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു ജയില്‍ അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."