ജില്ലയില്‍ കൂടിയത് 1,340 സീറ്റുകള്‍ മാത്രം
മലപ്പുറം: പ്ലസ്വണ് പ്രവേശനത്തിനുള്ളപത്തു ശതമാനം സീറ്റ് വര്‍ധനയില്‍ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും നിരാശ. സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം ജില്ലയില്‍ കൂടുന്നത് 1,340 പ്ലസ്വണ് സീറ്റുകള്‍ മാത്രമാണ്. പുതുതായി വര്‍ധിപ്പിച്ച സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ സ്വാതന്ത്ര്യദിനത്തിനു ശേഷം നടക്കും.
പ്ലസ്വണ് സീറ്റ് ക്ഷാമമുള്ള ഒന്‍പതു ജില്ലകളിലാണ് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സീറ്റ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ 870 പ്ലസ്വണ് ബാച്ചുകളുള്ള ജില്ലയില്‍ 4,350 സീറ്റുകളാണ് കൂടേണ്ടിയിരുന്നത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യമില്ലായ്മ ചൂണ്ടിക്കാട്ടി പകുതിയിലധികം വിദ്യാലയങ്ങളും രംഗത്തുവന്നതോടെയാണ് സീറ്റുവര്‍ധന നാമമാത്രമായത്. സ്ഥലപരിമിതി ചൂണ്ടിക്കാട്ടി എയ്ഡഡ് സ്കൂളുകളാണ് സീറ്റ് വര്‍ധനവിനെ കൂടുതല്‍ എതിര്‍ത്തത്. 183 ബാച്ചുകളിലാണ് പുതുതായി സീറ്റ് കൂടിയത്. നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കു വര്‍ധിപ്പിച്ച സീറ്റുകളില്‍ ജില്ലാ, സ്കൂള്‍, കോമ്പിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷമായിരിക്കും പുതിയ അപേക്ഷ ക്ഷണിക്കുക.
നിലവില്‍ പ്രവേശനം നേടിയവര്‍ മാറ്റത്തിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ നാളെ ഉച്ചയ്ക്കു രണ്ടിനകം ബന്ധപ്പെട്ട സ്കൂളുകളില്‍ സമര്‍പ്പിക്കണം. ഇതിന്റെ ഫലം 16നു പ്രസിദ്ധീകരിക്കും. ഇതിനു ശേഷമുള്ള സീറ്റുകളിലേക്കു പുതിയ അപേക്ഷ ക്ഷണിച്ചാണ് പ്രവേശനം നടക്കുക. രണ്ടു സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായ സ്ഥിതിക്കു മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അറിയിപ്പ് 16നുതന്നെ പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷവും സീറ്റ് ലഭിക്കാതെ ജില്ലയിലെ 7,802 വിദ്യാര്‍ഥികള്‍ പുറത്തായിരുന്നു. പത്തു ശതമാനം സീറ്റ് വര്‍ധനവു സംബന്ധിച്ച അറിയിപ്പ് വൈകിയതോടെ ആയിരക്കണക്കിനു പേര് ഇതിനകം സ്കോള്‍ കേരളയില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഇന്നലെവരെ ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് സ്കോള്‍ കേരളയുടെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."