സ്ത്രീകളെ സംരക്ഷിക്കുന്നതിലാണ് നവോത്ഥാനം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: സ്ത്രീകളെ പൊതുരംഗത്തേക്ക് ഇറക്കി അധ്വാനിപ്പിക്കാതെ അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിലാണ് നവോത്ഥാനമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ ക്യാംപ് എടപ്പാള്‍ ദാറുല്‍ ഹിദായയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ പൊതുരംഗത്തേക്ക് ഇറക്കുന്ന പ്രവണത ഏത് ഭാഗത്തുനിന്നായാലും നിരുത്സാഹപ്പെടുത്തണം. സ്ത്രീത്വത്തെ ആദരിക്കുകയാണ് ഉല്‍ബുദ്ധ സമൂഹത്തിന്റെ ബാധ്യത. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ നടക്കുന്ന പലതും അവരുടെ മാന്യതക്ക് കളങ്കം വരുത്തുന്നതാണ്. സ്ത്രീകള്‍ക്കാവശ്യമായ ജീവിത വിഭവങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്ന് നി ര്‍ദേശിച്ച ഇസ്‌ലാം വനിതകള്‍ക്ക് മാന്യമായ പദവി നല്‍കിയിരിക്കുകയാണെന്നും തദനുസൃതമായി ജീവിത സരണി ചിട്ടപ്പെടുത്തുകയാണ് അവര്‍ക്ക് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എം.എം.എ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, എ.പി.പി തങ്ങള്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, കാടാമ്പുഴ മൂസ ഹാജി, പി.വി മുഹമ്മദ് മൗലവി, കെ.പി കോയ, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ സംസാരിച്ചു.
കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ ക്ലാസെടുത്തു. കെ.എം കുട്ടി എടക്കുളം കര്‍മ പദ്ധതി അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശാഹുല്‍ ഹമീദ് മേല്‍മുറി നേതൃത്വം നല്‍കി. എം.എ ഖാദര്‍, ഹാജി സാദാ ലിയാഖത്തലി ഖാന്‍, എം അബ്ദുല്‍ റശീദ് കൊല്ലം പ്രസീഡിയം നിയന്ത്രിച്ചു. വര്‍ക്കിങ് സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ സ്വാഗതവും എ.കെ.കെ മരക്കാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."