ബാബരി കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതിയോട് നിയമമന്ത്രി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കകേസ് അതിവേഗം തീര്‍പ്പാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ശബരിമലയിലെ യുവതീ പ്രവേശന വിധി വേഗം തീര്‍പ്പാക്കിയ സുപ്രിംകോടതി ബാബരി മസ്ജിദ് കേസ് എന്തുകൊണ്ടാണ് നീട്ടികൊണ്ടുപോകുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.
രാമജന്മഭൂമി വിഷയം കഴിഞ്ഞ 70 വര്‍ഷമായി തീര്‍പ്പു കല്‍പ്പിക്കാതെ കിടക്കുന്നതെന്ത് കൊണ്ടാണെന്നും മന്ത്രി ചോദിച്ചു. രാമജന്മഭൂമി പ്രശ്‌നം വേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിനായി അതിവേഗ കോടതിയില്‍ വാദം കേള്‍ക്കണമെന്ന് താന്‍ വ്യക്തിപരമായി സുപ്രിംകോടതിയോട് അഭ്യര്‍ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാര്‍ അനുകൂല അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ 15ാമത് നാഷനല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് നിയമമന്ത്രിയുടെ വിവാദ പരാമര്‍ശം. നാം എന്തിനു ബാബറിനെ ആരാധിക്കണമെന്നും അദ്ദേഹം ചോദിച്ചു. സുപ്രിംകോടതി ജഡ്ജി എം.ആര്‍ ഷാ, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കോടതിയോടുള്ള മന്ത്രിയുടെ അഭ്യര്‍ഥന.
അതേസമയം, രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നു മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് നേതാക്കള്‍ പറഞ്ഞു. ബാബരി കേസില്‍ കോടതിയെ സമ്മര്‍ദത്തിലാക്കുന്ന നടപടിയാണ് കേന്ദ്ര നിയമ മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഇതു കേന്ദ്ര മന്ത്രിമാര്‍ അവസാനിപ്പിക്കണമെന്നും കോടതിയില്‍ നിലവിലുള്ള കേസില്‍ നിയമമന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബോര്‍ഡ് നേതാക്കള്‍ പറഞ്ഞു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെ ചൊല്ലിയുള്ള ഭൂമിതര്‍ക്ക കേസ് സുപ്രിംകോടതി അടുത്ത മാസം നാലിനു പരിഗണിക്കാനിരിക്കെയാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ്. കെ കൗള്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ വിവിധ കക്ഷികള്‍ നല്‍കിയ ഹരജികളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി കേസിലെ കക്ഷികളായ മൂന്നു വിഭാഗങ്ങള്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നായിരുന്നു 2010ല്‍ അലഹാബാദ് ഹൈക്കോടതി വിധി.
ഇതിനെതിരേ കേസിലെ കക്ഷികളായ സുന്നി വഖ്ഫ് ബോര്‍ഡ്, രാമലല്ല, നിര്‍മോഹി അഖാര എന്നിവരാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."