എന്‍ഡോസള്‍ഫാന്‍ പ്രയോഗം നാട്ടുകാര്‍ തടഞ്ഞു
കൊല്ലങ്കോട്: മുതലമടയിലെ മാന്തോപ്പുകളില്‍ മാരക വിഷമായ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാന്‍ വന്ന വാഹനത്തേയും തൊഴിലാളികളേയും നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ മീങ്കര ഫിഷറീസ് കോളനി സമീപത്തെ മാന്തോപ്പിലും എംപുതൂരിലുമുള്ള മാന്തോപ്പുകളിലുമാണ് തമിഴ്‌നാട്ടില്‍നിന്നു വാഹനത്തില്‍ തയാറാക്കി എന്‍ഡോസള്‍ഫാന്‍ തെളിക്കുന്നതിനായി കൊണ്ടുവന്നത്.
കേരളത്തില്‍ എസോസള്‍ഫാന്‍ പ്രയോഗിക്കുന്നത് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മാമ്പൂ കൊഴിയാതിരിക്കാനും കീടങ്ങളെ നിയന്ത്രിക്കന്നതിനും മാരകമായ എന്‍ഡോസള്‍ഫാന്‍ അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടില്‍നിന്നു എത്തിക്കുന്നത്. രണ്ടായിരം ലിറ്റര്‍ മുതല്‍ വലിപ്പമുള്ള ടാങ്കുകളില്‍ മോട്ടേര്‍ ഘടിപ്പിച്ചാണ് ഇത്തരം കീടനാശിനികള്‍ തളിക്കുന്നത്. സ്വന്തമായും പാട്ടത്തിനെടുത്തും വിളവെടുപ്പ് നടത്തുന്ന മാങ്ങ കൃഷിയില്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ചത്ര ലാഭം കിട്ടിയിരുന്നില്ല.
ഇത് മറികടക്കാനാണ് ചില കര്‍ഷകര്‍ മാന്തോപ്പുകളില്‍ നിരോധിച്ച എന്‍ഡോസള്‍ഫാനും മികച്ച ഉല്‍പാദനത്തിന് മാവിന്റെ വേരുകളില്‍ കള്‍ട്ടാര്‍ പ്രയോഗവും നടത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഇതിനെതിരേ രംഗത്തു വന്നതോടെ മുതലമടയിലെ മാംഗോ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം നടത്തുന്ന കര്‍ഷകരെ നിയന്ത്രിക്കാനും ഇവരെ പുറത്താക്കാനും രണ്ടുവര്‍ഷം മുന്‍പ് തീരുമാനിച്ചിരുന്നു.
ഇത് വകവയ്ക്കാതെയാണ് വീണ്ടും എഡോസള്‍ഫാന്‍ മാന്തോപ്പില്‍ തെളിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
മാന്തോപ്പുകളിലും പച്ചക്കറിത്തോട്ടങ്ങളിലും എഡോസള്‍ഫാന്‍ പ്രയോഗിക്കുന്നത് നിയന്ത്രിക്കാന്‍ മരുന്നടി പ്രയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട കൃഷി ഓഫിസറുടെ പരിശോധനക്ക് ശേഷം മാത്രമേ കീടനാശിനി പ്രയോഗം നടത്താവൂ എന്ന നിയമ വ്യവസ്ഥയും പാലിക്കാതെയാണ് എഡോസള്‍ഫാന്‍ പ്രയോഗം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."