കുടിവെള്ളത്തിന് പോലും പുറത്തേക്കിറങ്ങാന്‍ കഴിയാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍
വാടാനപ്പള്ളി : വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന നടവഴി സ്വകാര്യ വ്യക്തി മതില്‍ കെട്ടിയടച്ചതായി പരാതി. കുടിവെള്ളത്തിന് പോലും പുറത്തേക്കിറങ്ങാന്‍ കഴിയാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍. തളിക്കുളം പുന്നച്ചോട് കോളനിക്കടുത്ത് താമസിക്കുന്ന കാരാട്ട് പറമ്പില്‍ പരേതനായ ദേവരാജന്‍ ഭാര്യ ഗിരിജ, വള്ളൂര് രാധ എന്നീ കുടുംബങ്ങളാണ് കുടിവെള്ളം എടുക്കുവാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നത്.
കൂടാതെ പത്തോളം വരുന്ന മറ്റ് വീട്ടുകാര്‍ക്ക് കിഴക്കേ ടിപ്പു സുല്‍ത്താന്‍ റോഡിലേക്ക് കടക്കാനുള്ള ഏക വഴി കൂടിയാണ് സ്വകാര്യ വ്യക്തി മതില്‍ കെട്ടിയതോടെ തടസ്സപ്പെട്ടിരിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തി ജെ.സി.ബി കൊണ്ടുവന്ന് പണി നടത്താനുള്ള നീക്കം പ്രദേശത്തെ സ്ത്രീകള്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ ജെ.സി.ബി തിരിച്ചയക്കുകയായിരുന്നു.
കുടിവെള്ളമെടുക്കാനും മറ്റും പുറത്തേക്കിറങ്ങാന്‍ കഴിയാത്തതിനാല്‍ വീടുകള്‍ക്ക് അരികിലൂടെ ഒഴുകുന്ന മാലിന്യം നിറഞ്ഞ തോട്ടില്‍ നിന്നും വെള്ളം ശേഖരിച്ചാണ് ഇവര്‍ കുളിക്കുന്നതും മറ്റും. റോഡില്‍ സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ നിന്നാണ് ഇവര്‍ കുടിവെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍ ഇവിടേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചതിനാല്‍ ദിവസവും അര കിലോമീറ്ററിലധികം ദൂരം നടന്ന് പോയാണ് ഭക്ഷണം വെക്കുന്നതിനും കുടിക്കുന്നതിനും ഉള്ള വെള്ളം കൊണ്ടുവരുന്നത്. പന്ത്രണ്ട് വര്‍ഷമായി ഈ കുടുംബങ്ങള്‍ ഇവിടെ സ്ഥിര താമസക്കാരാണ്.
തളിക്കുളം ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഇവിടെയുള്ള രണ്ട് വീട്ടുകാര്‍ മൂന്ന് സെന്റ് സ്ഥലം വീതം വാങ്ങിയത്. ഗ്രാമ പഞ്ചായത്ത് തന്നെയാണ് വീട് വെക്കുന്നതിനുള്ള സഹായം നല്‍കിയതും. ഒരാള്‍ക്ക് മാത്രം നടന്ന് പോകാനുള്ള ഇടുങ്ങിയ വഴി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഒരു വര്‍ഷം മുമ്പ് കാരാട്ട് ഗിരിജയുടെ മാതാവിന്റെ മൃതശരീരം മറവ് ചെയ്യാന്‍ പൊതുശ്മശാനത്തിലേക്ക് കൊണ്ടു പോകാന്‍ കഴിയാതെ ഈ വാര്‍ഡിലെ മെമ്പറും മറ്റും ഇടപെട്ടാണ് മതിലിന്റെ കുറച്ച് ഭാഗം സ്വകാര്യ വ്യക്തി പൊളിച്ച് കൊടുത്തത്.
നിരവധി തവണ വഴി തടസ്സപ്പെടുത്തിയ വ്യക്തിയുമായി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും വഴി തുറന്ന് കൊടുക്കാന്‍ സ്വകാര്യ വ്യക്തി ഇത് വരെ തയ്യാറായിട്ടില്ല. അസുഖമായാല്‍ ആശുപത്രിയിലേക്ക് പോകാന്‍ പോലും പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് നടന്ന് പോകാനുള്ള വഴി ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിച്ച് വാടാനപ്പള്ളി പൊലിസിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ സ്വകാര്യ വ്യക്തി കോടതിയില്‍ നിന്നും സ്‌റ്റേ ഓര്‍ഡര്‍ വാങ്ങി. ഈ സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ പൊലിസിനും ഈ കാര്യത്തില്‍ ഇടപെടാന്‍ കഴിയാത്ത അവസ്ഥയാണ്. നിര്‍ധനരായ തങ്ങള്‍ക്ക് കുടിവെള്ളം കൊണ്ടുവരുന്നതിനും കുട്ടികള്‍ക്ക് അംഗന്‍വാടിയില്‍ പോകുന്നതിനും ഉള്ള ഏക വഴിയാണ് സ്വകാര്യ വ്യക്തി മതില്‍ കെട്ടി തടസ്സപ്പെടുത്തിയിരിക്കുന്നതെന്നും നടവഴിയെങ്കിലും ലഭ്യമാക്കുന്നതിനുള്ള നടപടി കൈകൊള്ളാന്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഇടപെടണമെന്നും ഇവിടത്തെ താമസക്കാര്‍ പറയുന്നു. കുടിവെള്ളം ശേഖരിക്കാനുള്‍പ്പെടെ ഇവിടത്തെ വീട്ടുകാരുടെ നടക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കിയ സ്വകാര്യ വ്യക്തിയുടെ നടപടി ശരിയല്ലെന്നും ഇരുകൂട്ടരും കോടതിയില്‍ പരാതി നല്‍കിയിട്ടുള്ളതിനാല്‍ കോടതി വിധി വന്നതിന് ശേഷം തര്‍ക്ക ഭൂമിയില്‍ പണി നടത്തുന്നതാണ് നല്ലതെന്നും തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രജനി പറഞ്ഞു.
സ്വകാര്യ വ്യക്തി കോടതിയില്‍ നിന്നും നേടിയ സ്‌റ്റേ ഓര്‍ഡര്‍ നിലനില്‍ക്കുന്നതിനാല്‍ നിയമപരമായി തന്നെ ഈ വിഷയത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഈ വീട്ടുകാര്‍ക്ക് നടവഴി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."