പ്രതിഷേധത്തിനിടയില്‍ എം.പി.ടി.എ വൈസ് പ്രസിഡന്റ് കുഴഞ്ഞുവീണു
എരുമപ്പെട്ടി: വേലൂര്‍ ഗവണ്മെന്റ് ആര്.എസ്.ആര്.വി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായിക പവലിയന് ഉദ്ഘാടനത്തിനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സ്കൂള്‍ അധികൃതര്‍ അപമാനിച്ച സംഭവത്തെ ചൊല്ലി പി.ടി.എ.കമ്മിറ്റിയില്‍ വാക്കേറ്റം. പ്രതിഷേധവുമായി രംഗത്തെത്തിയ എം.പി.ടി.എ.വൈസ് പ്രസിഡന്റ് സുജിത ഗണേഷ് കുഴഞ്ഞുവീണു.
ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് വേലൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കായിക പവലിയന് നിര്‍മിച്ചത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മൂന്നിനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്ഘാടക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്.നായര്‍, പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍ ഉള്‍പ്പടെയുള്ള ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എത്തിയെങ്കിലും സ്കൂള്‍ പ്രധാനാ ധ്യാപിക, പ്രിന്‍സിപ്പാള്‍, പി.ടി.എ പ്രസിഡന്റ് ഉള്പെടെയുള്ളവര് ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. വേണ്ടത്ര കൂടിയാലോചന നടത്താതെ ജില്ലാ പഞ്ചായത്ത് ചടങ്ങ് സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് പവലിയന്റെ ഉദ്ഘാടനം സ്കൂള്‍ അധികൃതര്‍ ബഹിഷ്കരിച്ചത്. കുട്ടികളെ പോലും ചടങ്ങില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ സ്കൂളിലെ ഉദ്ഘാടന വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. ഇന്നലെ വൈകീട്ട് നടന്ന പി.ടി.എ.യോഗത്തില്‍ സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നു. സ്കൂളിന് ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചതിനും നോട്ടീസ് ലഭിച്ചിട്ടും പി.ടി.എ.ഭാരവാഹികളെ പോലും ഉദ്ഘാടനം അറിയിക്കാതിരുന്നതിനും പി.ടി.എ.പ്രസിഡന്റ് മറുപടി പറയണമെന്ന ആവശ്യവുമായി എം.പി.ടി.എ.വൈസ് പ്രസിഡന്റ് സുജിത ഗണേഷ് രംഗത്തെത്തി. ഇതിനെ തുടര്‍ന്നുണ്ടായ രൂക്ഷമായ വാക്കേറ്റത്തിനിടയിലാണ് ഇവര്‍ കുഴഞ്ഞ് വീണത്. സുജിതയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."