വിജിയുടെ സമരം വനിതാ മതിലിന് മുന്‍പ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം
തിരുവനന്തപുരം: വനിതാ മതില് സംഘടിപ്പിക്കുന്ന ജനുവരി ഒന്നിനുമുന്‍പ് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം. നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി 18 ദിവസമായി നഷ്ടപരിഹാരവും ജോലിയും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്തുവരുന്നു.
കൂടാതെ വനിതാ മതില് സംഘടിപ്പിക്കുന്ന ജനുവരി ഒന്നിന് വഞ്ചനാമതില്‍ തീര്‍ക്കുമെന്ന് സനലിന്റെ കുടുംബം പ്രഖ്യാപിച്ചിരുന്നു. ഇത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലിലാണ് ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നത്. നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആന്‍സലന്‍ ഇന്ന് ഉച്ചക്കുശേഷം മുഖ്യമന്ത്രിയെ കാണും. അതിനുശേഷം സനലിന്റെ കുടുംബത്തിനും മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കുമെന്നും എം.എല്‍.എ അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് സമരം അവസാനിപ്പിക്കാന്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് സമ്മര്‍ദം ചെലുത്തിയെന്ന് സനലിന്റെ ഭാര്യാ പിതാവ് വെളിപ്പെടുത്തിയിരുന്നു. സമരം അവസാനിപ്പിച്ചുവെന്ന് സനലിന്റെ ഭാര്യ വാര്‍ത്താസമ്മേളനം നടത്തിയാല്‍ നഷ്ടപരിഹാരവും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ ജോലിയും നല്‍കാമെന്നായിരുന്നു വാഗ്ദാനം.
എന്നാല്‍, സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുംവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സനലിന്റെ കുടുംബം. ക്രിസ്മസ് ദിനത്തില്‍ സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും പട്ടിണി സമരം നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."