വിക്റ്ററിന്റെ മൃതദേഹം കിട്ടി
കഠിനംകുളം: മത്സ്യബന്ധനത്തിനിടെ പെരുമാതുറ മുതലപ്പൊഴിക്കടുത്ത് വച്ച് വള്ളത്തില്‍ നിന്നും കടലില്‍ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം ആറാംദിനം തഴംപള്ളി ഭാഗത്തെ പുലിമുട്ടിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തി. കഠിനംകുളം ശാന്തിപുരം സ്വദേശിയും പുതുക്കുറുച്ചി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം കണ്ണേറ്റ് വിളാകം വീട്ടില്‍ ജോസഫിന്റെ മകന് വിക്റ്ററിന്റെ (41) മൃതദേഹമാണ് ഇന്നലെ സന്ധ്യയോടെ കണ്ടെത്തിയത്.
ചൂണ്ടയിടാനായി വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയവരാണ് താഴംപള്ളി ഭാഗത്തെ പുലിമുട്ടിന്റെ പാറകെട്ടുകള്‍ക്കിടയില്‍ ഒരുകൈ പൊങ്ങി നില്ക്കുന്നതായി കണ്ടത്. ക്രെയിനിന്റെ സഹായത്തോടെ കല്ലുമാറ്റിയേ മൃതദേഹം പുറത്തെടുക്കാനാവൂ. രാത്രി വൈകിയും ശ്രമം നടന്ന് വരുകയാണ്. ശക്തമായ തിരകാരണം തടസം നേരിടുന്നുണ്ട്. മുതലപ്പൊഴിയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ സുഹൃത്തായ ശാന്തിപുരം സ്വദേശി ജോഷ്വാ(39)യുമൊത്താണ് എന്ജിന് ഘടിപ്പിച്ച വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയത്.
ഹാര്‍ബര്‍ കവാടത്തില്‍ വച്ച് ശക്തമായ കാറ്റിലും തിരയിലുപ്പെട്ട വള്ളം മറിഞ്ഞ് വിക്ടറും ജോഷ്വായും കടലിലേക്ക് തെറിച്ച് പോവുകയായിരുന്നു. ജോഷ്വാ ഏറെ കഷ്ടപ്പെട്ട് വള്ളത്തില്‍ കയറിപ്പറ്റിയെങ്കിലും വിക്ടര്‍ അപ്രത്യക്ഷമായി. ഭാര്യ: മെട്രീഷാ വിക്ടര്‍. മക്കള്‍: പുതുക്കുറുച്ചി ഔവര്‍ലേഡി ഓഫ് മെഴ്സി കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്, യു.കെ.ജി വിദ്യാര്‍ത്ഥി വിധുന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."