പ്രാണവായു ഇല്ലാതെ കുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍ വന്ദേമാതരം പാടിക്കുന്നത് നാണക്കേട്: കനയ്യ
കണ്ണൂര്‍: രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍ എല്ലാവരും വന്ദേമാതരം ആലപിക്കണമെന്നു പറയുന്നത് നാണക്കേടെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍. കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേമാതരം ആലപിക്കാത്തതല്ല ഇന്ത്യയിലെ പ്രശ്‌നം. കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കള്ള പ്രചാരണങ്ങളിലൂടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കനയ്യ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ബി.ജെ.പി ഭരിക്കുമ്പോള്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് ജീവനൊടുക്കിയത്.
കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സമാധാനയാത്ര നടത്താനൊരുങ്ങുന്ന അമിത്ഷാ കശ്മിര്‍ മുതല്‍ കന്യാകുമാരിവരെ കര്‍ഷകരെ രക്ഷിക്കാനാണ് യാത്ര നടത്തേണ്ടതെന്നും കനയ്യ പറഞ്ഞു. ബീഫിന്റെപേരില്‍ ബി.ജെ.പി രാജ്യമെങ്ങും അക്രമം അഴിച്ചുവിട്ടപ്പോള്‍ പ്രതിരോധിച്ചത് കേരളമാണ്.
ഇപ്പോള്‍ കേരളത്തെ ലോകത്തിന്റെ മുന്‍പില്‍ അപകീര്‍ത്തിപ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും കനയ്യ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."